ഞങ്ങളോട് ഇടയും മുന്‍പ് അമേരിക്ക പോലും രണ്ടാമതൊന്ന് ചിന്തിക്കും; ദലൈലാമയെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ വിലപോവില്ലെന്ന് ചൈനയുടെ താക്കീത്‌

ബീജിംഗ്: ദലൈലാമയെ മുന്‍നിര്‍ത്തിക്കൊണ്ട് ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ വില പോവില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ദലൈലാമ കാര്‍ഡുപയോഗിച്ചുള്ള ഇന്ത്യയുടെ നീക്കങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു കൊണ്ടുള്ള ചൈനീസ് ആശങ്കകള്‍ പങ്കുവെച്ചിരിക്കുന്നത്.

ചൈനയുമായുള്ള നയതന്ത്ര ബന്ധം തകരുന്ന സാഹചര്യത്തില്‍ അമേരിക്ക വരെ സ്വന്തം തീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ തയ്യാറാവാറുണ്ട്. എന്നാല്‍ ചൈനയ്‌ക്കെതിരെ നീക്കങ്ങള്‍ നടത്തുമ്പോഴും ഇന്ത്യ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും ധൈര്യവും രാജ്യത്തെ പോലും അത്ഭുതപ്പെടുത്തുന്നുവെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനം നിരീക്ഷിക്കുന്നു. ഒരു ഉന്നത രാജ്യമാകാനുള്ള  കഴിവ് ഇന്ത്യക്കുണ്ട്. പക്ഷേ രാജ്യത്തിന്റെ കാഴ്ചപ്പാടെല്ലാം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

മംഗോളിയയുമായി ഇന്ത്യ സാമ്പത്തിക സഹകരണത്തിന് തയ്യാറാണെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ വിമര്‍ശനം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്. മംഗോളിയയില്‍ നിന്നും വ്യാപരസംബന്ധമായി എത്തുന്ന ട്രക്കുകള്‍ക്ക് ചൈന നികുതി വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മംഗോളിയയിലെ ഇന്ത്യന്‍ ഇടപെടലുകളെ വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തിയത്.

ചൈനയുടെ ആഭ്യന്തര- അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെട്ട് നേട്ടം കൊയ്യാനാണ് ഇന്ത്യയുടെ ശ്രമം. ഈ ഇടപെടലുകള്‍ക്ക് ഇന്ത്യയുടെ ദേശീയ താല്‍പര്യവുമായി യാതൊരു ബന്ധവുമില്ല. ദലൈലാമയെ മുന്‍നിര്‍ത്തി ചൈനയ്‌ക്കെതിരെ നീക്കങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം, എന്നാല്‍ ഇത് വിലപോവില്ലെന്ന് ഗ്ലോബല്‍ ടൈംസ് ലേഖനം ചൂണ്ടിക്കാട്ടുന്നു. സ്വന്തം മണ്ണില്‍ നിന്നും പലവിധ കാരണങ്ങളാല്‍ മാറിനിന്ന ദലൈലാമ ഒരുപാട് കാലം ഇന്ത്യയില്‍ താമസിച്ചിരുന്നു. 1959 മുതലുള്ള കാലയളവിലായിരുന്നു ഇത്. ഈ അഭയത്തെയാണ് ചൈനയ്‌ക്കെതിരെയുള്ള ആയുധമായി ഇന്ത്യ കണക്കുക്കൂട്ടുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഹങ്കാരമാണ് ഇന്ത്യയ്ക്കുള്ളത്. ഈ അഹങ്കാരത്തില്‍ വഷളായി പോയ കുട്ടിയെപ്പോലെയാണ് ഇന്ത്യ പലപ്പോഴും അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ചൈനയുമായുള്ള മത്സരത്തില്‍ മംഗോളിയ പിന്തുണ തേടുന്നത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ ചൈന എന്ന മഹത്തായ ശക്തിയുടെ അടിസ്ഥാന തലത്തില്‍ വരെ മാറ്റങ്ങളുണ്ടാക്കി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ഒരു കാലത്തും ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും ഈ അടുത്ത കാലയളവില്‍ ഇന്ത്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്ത രീതികള്‍ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ലേഖനം പരിഹസിക്കുന്നു. സ്വതന്ത്ര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ആഗ്രഹങ്ങളും കഴിവും തമ്മിലുള്ളത് നികരത്താനാവാത്ത അന്തരമാണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ദലൈലാമ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചതും രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തതുമാണ് ചൈനയെ ചൊടിപ്പിച്ചത്. ദലൈലാമയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന ചൈനയുടെ താക്കീത് മറികടന്നാണ് ഇന്ത്യ കൂടിക്കാഴ്ച നടത്തിയത്. ചൈന കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടും 14മത് ദലൈലാമ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഭവനില്‍ അവസരമൊരുക്കുകയും പ്രണബ് മുഖര്‍ജിക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ചൈനയുടെ ഭാഗത്ത് നിന്നും എതിര്‍പ്പും പ്രതിഷേധവും ഉണ്ടായിട്ടും ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ തീര്‍ത്തും അതൃപ്തിയും നിരാശയുമുണ്ടെന്നായിരുന്നു അന്ന് ചൈനയുടെ  പ്രതികരണം.

ഒറ്റ ചൈനാ നയത്തിനെതിരായി തായ്‌വാനുമായി സംഭാഷണത്തിലേര്‍പ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബെയ്ജിങ് കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് ഇന്ത്യ കണ്ടുപഠിക്കണമെന്നും ഗ്ലോബല്‍ ടൈംസില്‍ പരാമര്‍ശമുണ്ട്.

DONT MISS
Top