റാങ്കിംഗിലും അശ്വിനും ജഡേജയ്ക്കും ജോഡി പൊരുത്തം; വണ്ടര്‍ ബോയ് കരുണ്‍ നായര്‍ക്ക് മികച്ച മുന്നേറ്റം

അശ്വിനും ജഡേജയും (ഫയല്‍ ചിത്രം)

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയുടെ തലപ്പത്തും ഇന്ത്യന്‍ കൂട്ടുകെട്ട്. റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് ഇരട്ടിമധുരം. ചെന്നൈ ടെസ്റ്റിലെ പത്ത് വിക്കറ്റ് പ്രകടനമാണ് ജഡേജയെ രണ്ടാമതെത്തിച്ചത്. അശ്വിന്‍ തന്നെയായിരുന്നു നേരത്തെ ഒന്നാമത്.

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ കറക്കിയിട്ട പ്രകടനം ജഡ്ഡുവിന് നേടികൊടുത്തത് 66 പോയന്റായിരുന്നു. ഒന്നാമതുള്ള അശ്വിനുമായി എട്ടുപോയന്റിന്റെ വ്യത്യാസമുണ്ട് സര്‍ ജഡേജ എന്ന ഇന്ത്യയുടെ വിക്കറ്റ് ടേക്കിംഗ് ബൗളര്‍ക്ക്. അശ്വിനും ജഡേജയും കുറിച്ചത് ഒരു ചരിത്രം കൂടിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഇന്ത്യയുടെ രണ്ട് ബൗളര്‍മാര്‍ റാംങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നത്. 1974 ല്‍ ഇന്ത്യയുടെ സ്പിന്‍ ജോഡിയായിരുന്ന ബിഷന്‍ സിംഗ് ബേദിയും ഭഗ്‌വത് ചന്ദ്രശേഖറുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

ചെന്നൈയിലെ പത്ത് വിക്കറ്റുള്‍പ്പടെ 26 വിക്കറ്റുകളാണ് ജഡേജ ചെന്നൈയില്‍ നേടിയത്. അവസാന നിമിഷം ജഡേജയുടെ താണ്ഡവമായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. അതേസമയം 28 വിക്കറ്റുമായി ഇന്ത്യയുടെ സമ്പൂര്‍ണ്ണ വിജയത്തിന്റെ തലപ്പത്ത് തന്നെ അശ്വിനുണ്ടായിരുന്നു. ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയും റാങ്കിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 23ആമതെത്താന്‍ ഇശാന്തിന് കഴിഞ്ഞു.

ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗിലും ഇന്ത്യയ്ക്ക് അഭിമാനര്‍ഹമായ നേട്ടമുണ്ടായിട്ടുണ്ട്. ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 51 ല്‍ എത്താന്‍ കെഎല്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ചെന്നൈ ടെസ്റ്റിലെ താരോദയം കരുണ്‍ നായര്‍ക്കും റാങ്കിംഗില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച കരുണ്‍ 55 ആം സ്ഥാനത്താണുള്ളത്.

റാങ്കിംഗില്‍ ഒന്നാമത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും രണ്ടാമത് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലിയുമാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, കിവീസ് നായകന്‍ വില്ല്യംസണ്‍, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരാണ് യഥാക്രമം 3,4,5 സ്ഥാനങ്ങളില്‍. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ്. ഒമ്പതാമതാണ് പൂജാര.

DONT MISS
Top