‘നിങ്ങള്‍ ഒരു അത്ഭുതം തന്നെയാണ്, പിരിയണമെന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു’; ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കീഴടക്കി നാസോണിന്റെ കുറിപ്പ്

കൊച്ചി: തോറ്റെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മടങ്ങുന്നത്. അവസാന നിമിഷം സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ ഇഷ്ട ടീമിനെ തള്ളിപ്പറയാനും മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് കഴിയില്ല. ഫൈനലിലെ തോല്‍വിക്ക് മാപ്പ് ചോദിക്കുന്ന താരങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍.

ഇതിനിടെ ഐഎസ്എല്‍ അനുഭവങ്ങള്‍ പങ്ക് വെച്ചുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഹെയ്ത്തി താരം ഡെക്കന്‍ നാസോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരാധകഹൃദയം കീഴടക്കുകയാണ്. ഐഎസ്എല്‍ അവസാനിച്ചതിലുള്ള ദുഖവും ആരാധകരോടുള്ള സ്‌നേഹവും തുറന്ന് പറഞ്ഞിരിക്കുകയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

എല്ലാം അവസാനിച്ചു. ഐഎസ്എല്‍ നല്‍കിയ അനുഭവങ്ങള്‍ ഒരിക്കലും മറക്കില്ല. എന്നും എന്റെ ഹൃദയത്തില്‍ തന്നെയുണ്ടാകുമെന്ന് നാസോണ്‍ പറഞ്ഞു. ഇന്ത്യക്കാരും കേരളത്തിലെ ആരാധകരും തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും നാസോണ്‍ പറഞ്ഞു.

ഈ വര്‍ഷം നടന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ ഹെയ്തിക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് നാസോണ്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനമാണ് നാസോണ്‍ കാഴ്ചവെച്ചത്. രണ്ട് ഗോള്‍ മാത്രമാണ് നേടിയതെങ്കിലും നിരവധി ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നാസോണായിരുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരെ കൊച്ചിയില്‍ നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇത് രണ്ടാം തവണയാണ് ഫൈനലില്‍ കൊല്‍ക്കത്തയോട് ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുന്നത്. മുഴുവന്‍ സമയത്തും, അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി മലയാളി താരം മുഹമ്മദ് റാഫിയും കൊല്‍ക്കത്തയ്ക്ക് വേണ്ടി സെറീനോയുമാണ് ഗോള്‍ നേടിയത്.

DONT MISS
Top