ഒപ്പം ഹിന്ദിയിലേക്ക്; ജയരാമന്‍ ആകുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരമായി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയകൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊരുമിച്ചപ്പോള്‍ പിറന്നത് ഒപ്പമെന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ചിത്രം വന്‍വിജയമായിരുന്നതിനാല്‍ പതിവ് പോലെ പ്രിയന്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നുതുടങ്ങി. വാര്‍ത്തകള്‍ സ്ഥിരീകരിച്ചില്ലെങ്കിലും തന്റെ അടുത്ത ചിത്രം ഹിന്ദിയിലാണെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. പതിവ്‌പോലെ അക്ഷയ് കുമാര്‍ നായകനാകുന്നു എന്നുകൂടി അറിഞ്ഞതോടെ അത് ഒപ്പത്തിന്റെ റീമേക്കായിരിക്കുമെന്ന് ആരാധകര്‍ കണ്ണും പൂട്ടി വിശ്വസിച്ചു.

എന്നാല്‍ തന്റെ അടുത്ത ചിത്രം അക്ഷയ്കുമാറിന് ഒപ്പമാണെങ്കിലും അത് ഒപ്പത്തിന്റെ റീമേക്കായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. അതിന് പിന്നാലെ  ഒപ്പത്തിന്റെ ഹിന്ദി പതിപ്പും ഉടന്‍ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പക്ഷെ ചിത്രത്തില്‍ ജയരാമനാവുക ആരാണെന്നു മാത്രം അദ്ദേഹം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ആ കാത്തിരിപ്പിനും വിരാമായിരിക്കുന്നു. ഒപ്പത്തില്‍ മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ ജയരാമനെ അവതരിപ്പിക്കുക ആരാണെന്ന് സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

നേരത്തെ മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലും നായകനായ അജയ് ദേവ് ഗണ്‍ ആയിരിക്കും ഒപ്പത്തിലും നായകനെന്നാണ് സംവിധായകന്‍ പറയുന്നത്. ദൃശ്യത്തിലെ അഭിനയം ദേവ്ഗണിന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു. ഒപ്പത്തിലെ അന്ധനായ ജയരാമനായി മോഹന്‍ലാല്‍ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ഹിന്ദിയില്‍ അജയ് ദേവ്ഗണിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഒപ്പത്തിലേ ജയരാമനെന്നാണ് കരുതപ്പെടുന്നത്.

ഹിന്ദി സിനിമയ്ക്ക് ചേര്‍ന്ന തരത്തില്‍ സിനിമയുടെ കഥയിലും ആഖ്യാനത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. മലയാളത്തില്‍ മികച്ച വിജയമായിരുന്ന ഒപ്പം 50 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റിയും ഇറങ്ങും.

DONT MISS
Top