ക്രിസ്മസ് സിനിമകള്‍ പെട്ടിയില്‍ തന്നെ; ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലക്കാട്: സിനിമാ സമരം അവസാനിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച അലസിപ്പിരിഞ്ഞു. ഇതോടെ ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ.കെ ബാലന്‍ ചലച്ചിത്ര സംഘടനകളുമായി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയത്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ 16ആം തീയതി മുതല്‍ പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കാതെ തീയേറ്റര്‍ ഉടമകള്‍ ആരംഭിച്ച സമരം തുടരും.
തീയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്. പ്രശ്‌നം പഠിക്കാന്‍ ജുഡീഷല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും സംഘടനകള്‍ ഈ നിര്‍ദേശം തള്ളി. 50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന് തീയേറ്റര്‍ ഉടമകളും കഴിയില്ലെന്ന് വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും സംഘടനകളും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

DONT MISS
Top