സച്ചിന് വേണ്ടെങ്കിലും അസമിനെ കൈവിടാന്‍ പ്രിയങ്ക ചോപ്ര ഒരുക്കമല്ല

ഗുവാഹത്തി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ വിസമ്മതിച്ചതിന് പിന്നാലെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. അടുത്ത രണ്ട് വര്‍ഷ കാലയളവിലേക്കാണ് പ്രിയങ്ക ചോപ്ര അസമിന്റെ ബ്രാന്‍ഡ് അംബാസിഡറായി തുടരുക.

തങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നൂവെന്ന് അസം ടൂറിസം മന്ത്രി ഹിമാന്ത ബിസ്വ സര്‍മ പറഞ്ഞു. തുടര്‍ന്ന് 4-5 സെലിബ്രിറ്റികളെ തങ്ങള്‍ സമീപിച്ചെന്നും ഒടുവില്‍ പ്രിയങ്ക ചോപ്രയാണ് അസമിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറായതെന്നും ഹിമാന്ത ബിസ്വ സര്‍മ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഭാരത രത്‌ന ജേതാവ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അസമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നിഷേധിക്കാന്‍ കാരണം സര്‍മ വ്യക്തമാക്കിയില്ല. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രിയങ്ക ചോപ്രയുമായി അസം സര്‍ക്കാര്‍ ധാരണയില്‍ എത്തിയതായി ഹിമാന്ത ബിസ്വ സര്‍മ കൂട്ടിചേര്‍ത്തു.

ഡിസംബര്‍ 24 ന് ഇന്റര്‍നാഷണല്‍ ടൂര്‍ ഓപ്പറേറ്റര്‍സ് കോണ്‍ക്ലെവില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സംസ്ഥാനത്ത് എത്തുമെന്ന് ഹിമാന്ത ബിസ്വ സര്‍മ അറിയിച്ചു. പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പം, അസമിന്റെ വൈവിധ്യം രാജ്യാന്തര തലത്തില്‍ എത്തുമെന്ന് ഹിമാന്ത ബിസ്വ സര്‍മ വ്യക്തമാക്കി.

DONT MISS
Top