കപ്പിനരികെ വീണത് കോപ്പലിന്റെ വലിയ പിഴ; ‘പിസ്ത സുമാക്കിറായ ഗോള്‍’ വന്ന വഴിയെ കുറിച്ചും ബ്ലാസ്റ്റേഴ്സിന്റെ പതിനാലാമന്‍

ഷൈജു ദാമോദരന്‍

പന്തിന്റെ വേഗതയ്ക്കും കാണിയുടെ മനസിനുമൊപ്പം ഒാടിയെത്തുന്ന ഷൈജു ദാമോദരന്റെ കമന്ററിക്ക് ഇനി ഐഎസ്എലിന്റെ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. ഗോള്‍ നിമിഷങ്ങളില്‍ ഷൈജുവിന്റെ കമന്ററിക്കായി കാതോര്‍ക്കുന്ന ആരാധക സമൂഹത്തിന് ഇനി അടുത്ത സീസണ്‍ വരെയെന്നത് നീണ്ട കാലയളവാണ്. മികച്ച ഇംഗ്ലീഷ് കമന്ററിയും വിശകലനവും നല്‍കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഐഎസ്എല്‍ കാണാതെ പ്രേക്ഷകര്‍ ഏഷ്യാനെറ്റ് മൂവീസില്‍കളി കാണുന്നുവെങ്കില്‍ അതിന് കാരണം ഷൈജു ദാമോദരന്‍ മാത്രമാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി പതിനാല് പേരാണ് കൊച്ചയില്‍ കലാശപ്പോരാട്ടത്തിനിറങ്ങിയത്. പതിനൊന്ന് കളിക്കാരും, സ്റ്റീവ് കോപ്പലും, ആരാധക സമൂഹവും പിന്നെ കമന്ററി ബോക്‌സില്‍ നമ്മുടെ സ്വന്തം ഷൈജു ദാമോദരനും.

സച്ചിനും കോപ്പലും പിന്നെ ആ പതിനൊന്ന് പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി… പക്ഷെ അത് എങ്ങനെ ടൈറ്റാനിക്കായി പോയി എന്നാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രതീക്ഷയുടെ പൂമരം നിരാശയുടെ പടുകുഴിയിലേക്ക് വീണ ഞായറാഴ്ച രാത്രിയെ കുറിച്ച് മലയാളികളുടെ ഹര്‍ഷാ ബോഗ് ലെയായ ഷൈജു ദാമോദരന് പറയുന്നത് ഇങ്ങനെ..

എന്താണ് കേരള ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ചത്?

കാണികളുടെ പിന്തുണ കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്രയും മുന്നേറിയത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും കേരള ബ്ലാസറ്റേഴ്‌സിന് മേല്‍ക്കൈ നേടാന് സാധിച്ചില്ല. കാണികള്‍ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് കപ്പുയര്‍ത്തണമായിരുന്നു.

കിക്കോഫിന് മുമ്പ് തന്നെ കേരളം ബാക്ക് ഫൂട്ടില്‍ ആയിരുന്നു. ഹൊസു കരിയസിന് സെമിയില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച് പുറത്തിരിക്കേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെ മത്സരത്തിന് മുമ്പെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു.

ഹൊസുവിന് പകരം, ഇഷ്ഫാഖ് അഹമ്മദിനെ കളത്തിലിറക്കിയ സ്റ്റീവ് കോപ്പലിന്റെ തീരുമാനം സമ്പൂര്‍ണ പരാജയമായി. ഇഷ്ഫാഖ് അഹമ്മദിന് പകരം സൈഡ് ബെഞ്ചില്‍ നിന്നും മലയാളിയായ റിനോ ആന്റോയ്ക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ ഗതി ഒരു പക്ഷെ മാറിയേനെ. സെമിയില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച ഹൊസുവിന് പകരം മുപ്പതാം മിനിറ്റില്‍ കാദിയോയെ ഇറക്കിയ സ്റ്റീവ് കോപ്പലിനെയല്ല, കലാശപ്പോരാട്ടത്തില്‍ കണ്ടത്.

ഇഷ്ഫാഖ് അഹമ്മദിന്റെ പിഴവിനെ മുതലെടുത്താണ് കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. ഇഷ്ഫാഖ് അഹമ്മദിന്റെ പ്രകടനം തീര്‍ത്തും നിരാശജനകമായിരുന്നു. ഇഷ്ഫാഖ് കാരണം, ബെല്‍ഫോര്‍ട്ടിന് മുന്നേറി കളിക്കാന്‍ അവസരം ലഭിച്ചില്ല.

അതേസമയം, ഐഎസ്എല്‍ 2016 ല്‍ തിളങ്ങി നിന്ന പൊന്നും താരം സി കെ വിനീതും ഇന്നലെ നിരാശപ്പെടുത്തി. അന്‍പത് ശതമാനം പോലും സി കെ വിനീത് ഇന്നലെ കളിച്ചില്ല. കലാശപ്പോരില്‍ വിനീതിന്റെ ഗോളില്‍ കപ്പുയര്‍ത്തുന്ന ബ്ലാസ്റ്റേഴ്‌സിനെ സ്വപ്‌നം കണ്ട ആരാധകര്‍ കണ്ടത് മങ്ങലേറ്റ് സി കെ വിനീതിനെയാണ്.

കൊല്‍ക്കത്തയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു?

മത്സരത്തിന് മുമ്പ് തന്നെ കേരളത്തിന്റെ തന്ത്രങ്ങളെ എതിരിടാന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് സാധിച്ചു. കേരളത്തിന്റെ മണ്ണില്‍ സന്തേശ് ജിംഗാന്‍, ഹെങ്ബര്‍ത്ത് ഉള്‍പ്പെടെയുള്ള പ്രതിരോധ മതിലിനെ സ്വതസിദ്ധ ശൈലിയില്‍ എതിരിടാന്‍ സാധിക്കില്ലെന്ന് കൊല്‍ക്കത്ത മനസിലാക്കി. ഷോര്‍ട്ട് ബോളുകളോ, ഹൈ ബോളുകളോ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നില്‍ വില പോകില്ലെന്ന് മൊലീനോയുടെ സംഘത്തിന് അറിവുണ്ടായിരുന്നു. അതിനാല്‍ കൊല്‍ക്കത്ത ത്രൂ പാസുകളിലൂടെ അവര്‍ മുന്നേറി. അതില്‍ അവര്‍ വിജയം കണ്ടു. കേരളത്തിന്റെ പ്രതിരോധം പരാജയപ്പെട്ടു.

കൂടാതെ, കേരളത്തിന്റെ ഇടത് പക്ഷം ദുര്‍ബലമായിരുന്നു. ഇടത് വിങ്ങില്‍ കേരളത്തിനേറ്റ ആഘാതത്തെ മുതലെടുക്കാന്‍ ഹ്യൂമിന്റെ സംഘത്തിന് സാധിച്ചു. ഇഷ്ഫാഖ് അഹമ്മദ് എന്ന കേരളത്തിന്റെ ദുര്‍ബലതയെ കണക്കിന് ആക്രമിച്ചാണ് സമീഗ് ദൗത്തി മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചത്.

ബ്ലാസ്റ്റേഴ്‌സിനോടുള്ള ആരാധകരുടെ സമീപനം?

അത് പ്രത്യേകം പറയേണ്ടതായി ഇല്ല. മഞ്ഞപ്പടയോടുള്ള ആരാധകരുടെ ഇഷ്ടത്തിന്റെ നേര്‍ ചിത്രമായിരുന്നു ഇന്നലത്തെ ഫൈനല്‍. അമ്പതിനായിരത്തിലധികം കാണികള്‍ കലൂര്‍ സ്റ്റേഡിയത്തിലും, അമ്പത് ലക്ഷത്തിലധികം കാണികള്‍ ടി വിയിലും മറ്റുമായി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ആഘോഷിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ സാധിച്ചില്ലെന്ന് മാത്രം.

തല്‍സമയം സംപ്രേക്ഷണം ചെയ്യുന്ന ലീഗില്‍ 154 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കമന്ററേറ്ററാണ് ഷൈജു. 2014 ല്‍ ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ മത്സരം മുതല്‍ മലയാളി ഫുട്‌ബോള്‍ പ്രേക്ഷകര്‍ക്ക് പരിചിതമാണ് ഷൈജു ദാമോദരന്റെ ശബ്ദം. ആദ്യ സീസണില്‍ 47 മത്സരങ്ങള്‍ക്ക് തത്സമയ കമന്ററി നല്‍കിയ ഷൈജു, രണ്ടാം സീസണില്‍ 61 മത്സരങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇത്തവണ മൂന്നാം എഡിഷനില്‍ 46 മത്സരങ്ങള്‍ക്ക് തത്സമയ കമന്ററി നല്‍കിയ ഷൈജു ദാമോദരന്‍ എന്ന കൊച്ചിക്കാരന്‍ കേരള ഫുട്‌ബോള്‍ ചരിത്രത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

‘പിസ്ത സുമാക്കിറായ ഗോള്‍’ പോലുള്ള ന്യൂജെന്‍ കമന്ററിയുടെ വിശേഷങ്ങളിലേക്ക്-

30-35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ ഫുട്‌ബോള്‍ കമന്ററികള്‍ നിറഞ്ഞ് നിന്നിരുന്നത്. അന്ന് റേഡിയോയിലൂടെയാണ് ജനങ്ങള്‍ ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് അന്നത്തെ കമന്ററേറ്റര്‍മാര്‍ക്ക് വലിയ ആനുകൂല്യം നല്‍കി. പക്ഷെ, ഇന്നത്തെ തലമുറയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കാണികള്‍ മത്സരത്തിന്റെ നേര്‍ സാക്ഷികളാണ്. അവര്‍ മത്സരം നേരില്‍ കണ്ട് കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇന്നത്തെ കമന്ററേറ്റര്‍മാര്‍ക്ക് ഉത്തരവാദിത്വം വര്‍ധിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഐഎസ്എലിന്റെ വരവോടെയാണ് തത്സമയ മലയാള കമന്ററികള്‍ക്ക് പുതുജീവന്‍ ലഭിച്ചത്. ആദ്യ ഘട്ടങ്ങളില്‍ ജനങ്ങള്‍ എന്നെ ഏറെ വിമര്‍ശിച്ചിരുന്നു. അത് ഞാന്‍ ഉള്‍ക്കൊണ്ടു. ജനങ്ങളെ പിടിച്ചിരുത്താന്‍ ചില മിക്‌സുകള്‍ അത്യാവശ്യമാണെന്ന് മനസിലാക്കി. തുടര്‍ന്നാണ് ട്രെന്‍ഡിന് അനുസരിച്ചുള്ള കമന്ററിയിലേക്ക് കടന്നത്. സിനിമ ഡയലോഗുകളെ മത്സരവുമായി മിക്‌സ് ചെയ്തത് ആരാധകരെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമായി.

മുന്നില്‍ നടക്കുന്ന കളി അതുപോലെ ചെവിയില്‍ എത്തിക്കുന്നതിന് പകരം മലയാളി കേട്ടു മറന്ന ഗാനങ്ങളും കളിയെകുറിച്ചും കളിക്കാരനെ കുറിച്ചും ആരാധകര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും കൂട്ടിയിണക്കിയാണ് ഷൈജുവിന്റെ വിവരണം. “നെഞ്ച് പിടിച്ച്, ഞരമ്പില്‍ തീയും പിടിച്ച്..കണ്ണ് ചിമ്മാണ്ട്.. ഈ ഗ്യാലറിയില്‍ മൊത്തം കാത്തിരുന്നത്… ഗോള്‍ എന്ന ഈ സുന്ദരി പെണ്ണിന് വേണ്ടിയാണ്”- ഇതാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയകുതിപ്പിനായി കേരളക്കരയുടെ ചുണ്ടുകളില്‍ ഈ ദിവസങ്ങളില്‍ നിറഞ്ഞാടിയത്.

തുടര്‍ന്ന്, “സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലില്‍ കയറി കേരളം കൊച്ചിയിലേക്ക് ആ മഞ്ഞ കുപ്പായക്കാര്‍ വരുമ്പോള്‍.. കാണികള്‍ പറയുന്നു.. എന്തൊരഴക് ആഹാ എന്തൊരു ഭംഗി “- ട്രെന്‍ഡിന് അനുസരിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഷൈജു മാജിക്കില്‍ വിരിഞ്ഞ മറ്റൊരു പുഷ്പം.

ഇത് പോലെ ഫൈനലിലേക്കും ഷൈജു കരുതി വെച്ചത് എന്താണെന്ന് ഏവരും ഉറ്റ് നോക്കിയിരുന്നു. അത് എന്താണെന്നല്ലേ?

തോപ്പില്‍ ജോപ്പനിലെ ” തേനൊരിത്തിരി.. പാലൊരിത്തിരി.. നീല മുന്തിരി നീര്.. ചേരുമപ്പിടി ചേര്‍ത്ത ചക്കര…” എന്ന് തുടങ്ങുന്ന മറ്റൊരു കിടിലന്‍ കമന്റായിരുന്നേനെ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി കരുതി വെച്ചിരുന്നത്. ഇതിനൊപ്പം, സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ ” ധ്യാനം ധേയം …. ധര്‍മ്മാര്‍ദ്ദമോക്ഷം … ” എന്ന റീമിക്സും മലയാളിക്ക് ഇന്നലെ നഷ്ടമായി. 
ട്രോളുകളാണ് ഇന്ന് മലയാളിയുടെ പ്രധാന ആയുധം, ട്രോളാക്രമണങ്ങളെ കുറിച്ച്?

ഇക്കാലത്ത് ചിന്തകളെ നിയന്ത്രിക്കുന്ന മാധ്യമങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കാണ്. സമൂഹ മാധ്യമങ്ങളിലെ വജ്രായുധമോ, ട്രോളുകളും. ഇക്കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട വ്യക്തി ഞാനാണ്. ഒരു ഭാഗത്ത് പുലിമുരുകന്റെ വന്‍വിജയവും, നോട്ട് അസാധുവാക്കല്‍ നടപടിയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞാടുമ്പോഴും ട്രോളുകളില്‍ ഞാന്‍ സ്ഥിരം കഥാപാത്രമായിരുന്നു. എന്നാല്‍ 99 ശതമാനം ട്രോളുകളിലും എനിക്ക് പോസീറ്റീവ് പ്രതിഛായയാണ് ലഭിച്ചിട്ടുള്ളത്. ഇത് വലിയ ഒരു അംഗീകാരമാണ്.

ഐഎസ്എലിലേക്ക് ഉള്ള വരവ്?

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗാണ് എനിക്ക് ഐഎസ്എലിലേക്കുള്ള വഴി തുറന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്ക് എന്റെ പേര് ശുപാര്‍ശ ചെയ്ത എറണാകുളം സ്വദേശി അജിത്ത് കുമാറും, തുടര്‍ന്ന് ഐഎസ്എല്‍ സംഘാടകര്‍ക്ക് എന്റെ പേര് ശുപാര്‍ശ ചെയ്ത ബംഗാളി കമന്ററേറ്റര്‍ പ്രദീപ് റോയിയും കരിയറില്‍ നിര്‍ണായകമായി.

ഇരുപത് വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമാണ് ഷൈജു ദാമോദരനെ ഫുട്‌ബോള്‍ ടെലിവിഷന്‍ കമന്ററിയിലേക്ക് കൊണ്ട് വന്നത്. മലയാളത്തില്‍ തുടര്‍ച്ചയായി പത്ത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സജീവ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കൂടിയാണ് ഷൈജു ദാമോദരന്‍.

ഫുട്‌ബോള്‍ ആരാധകരോട് ഷൈജു ദാമോദരന് പറയാനുള്ളത്?

ഐഎസ്എലിനെ ആരാധകര്‍ നെഞ്ചിലേറ്റി. ആരാധകരുടെ ആവേശം കൊച്ചിയിലെ മൈതാനത്തും ടി വിക്കും മുമ്പിലായി മാത്രം ഒതുങ്ങരുത്. ആവേശം ഗ്രാമ ഗ്രമാന്തരങ്ങളിലേക്ക് ചെല്ലണം. നമ്മുടെ കാണാമറയത്ത് തന്നെ മികച്ച താരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവരെ പുറത്ത് കൊണ്ട് വരണം. എങ്കില്‍ മാത്രമെ ഐഎസ്എലിന്റെ ആശയം വിജയിക്കുകയുള്ളൂ. എനിക്ക് എന്ത് കൊണ്ട് ഐഎസ്എലില്‍ പന്ത് തട്ടിക്കൂടാ എന്ന് നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കണം.

DONT MISS
Top