കൊടുങ്കാറ്റുകള്‍ പ്രവചിക്കാനായുള്ള എട്ട് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് നാസ; വിക്ഷേപിച്ചത് വിമാനത്തില്‍ നിന്ന്

വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നു

കേപ്പ് കാനവെറല്‍, ഫ്‌ളോറിഡ: നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റുകളെ മുന്‍കൂട്ടി പ്രവചിക്കാനായി നാസ എട്ട് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. കേപ്പ് കാനവെറലിലെ വ്യോമസേന താവളത്തില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയര്‍ന്നത്.

പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വിമാനത്തിലുണ്ടായിരുന്ന ‘പെഗസസ്’ റോക്കറ്റും അതില്‍ ഘടിപ്പിച്ച എട്ട് ചെറു ഉപഗ്രഹങ്ങളും വിമാനത്തില്‍ നിന്ന് വേര്‍പെടുത്തി. ഡയ്‌ടോന ബീച്ചില്‍ നിന്ന് 100 മൈലുകള്‍ (161 കിലോമീറ്റര്‍) അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിന് 39,000 അടി മുകളില്‍ വെച്ചായിരുന്നു ഇത്. അഞ്ചു സെക്കന്റുകള്‍ക്ക് ശേഷം പെഗ്‌സസ് റോക്കറ്റ് ജ്വലിച്ചു.

ഭൂമിയില്‍ നിന്ന് 300 മൈല്‍ (483 കിലോമീറ്റര്‍) ഉയരത്തിലാണ് ഉപഗ്രഹങ്ങളുടെ ഭ്രമണപഥം. ഉപഗ്രഹങ്ങളെ റോക്കറ്റ് കൃത്യമായി ഭ്രമണപഥത്തില്‍ വിന്യസിച്ചിട്ടുണ്ട്.

സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (സിവൈജിഎന്‍എസ്എസ്) എന്ന് പേരിട്ട ഈ ഉപഗ്രഹ പദ്ധതിയുടെ ചെലവ് 15.7 കോടി ഡോളറാണ് (1063.5 കോടി രൂപ). കൊടുങ്കാറ്റുകളുടെ പ്രവചനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

ഉപഗ്രഹങ്ങളില്‍ ജിപിഎസ് ഗതിനിര്‍ണയത്തിനുള്ള റിസീവറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ സമുദ്രോപരിതലത്തിന്റെ പാരുഷ്യം രേഖപ്പെത്തുന്നതിനായാണ് ഇത്. കാറ്റിന്റെ വേഗത കണക്കാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങളാണ് ഇവ.

വിക്ഷേപണം – വീഡിയോ:

DONT MISS