സെഞ്ച്വറി അടിച്ചത് രാഹുലോ കോഹ്ലിയോ? ആഘോഷത്തില്‍ ആശങ്കാകുലരായി കാണികള്‍ – കാണാം രസകരമായ വീഡിയോ

സെഞ്ച്വറി നേടിയ രാഹുലിന്റെ ആഹ്ലാദം

ചെന്നൈ: ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിനം താരമായത് കെഎല്‍ രാഹുലായിരുന്നു. മികച്ച സെഞ്ച്വറിയുമായി കളം നിറഞ്ഞ രാഹുല്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ടെസ്റ്റിലെ തന്റെ നാലം സെഞ്ച്വറി നേടിയ രാഹുലിന് പ്രഥമ ഡബിള്‍ ഒരുറണ്ണിനാണ് നഷ്ടമായത്.

എന്നാല്‍ ഇന്നലെ കളത്തില്‍ കാണികളുടെ ശ്രദ്ധപിടിച്ചു പറ്റിയ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയായിരുന്നു. കോഹ്ലിയുടെ ഒരു ആഘോഷമാണ് ഇതിന് കാരണം. രാഹുലിനൊപ്പം ബാറ്റ് ചെയ്യവെയായിരുന്നു സംഭവം നടന്നത്.

കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യവെയാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. സ്റ്റോക്‌സിന്റെ പന്ത് ലെഗ് സൈഡിലേക്ക് തിരിച്ചു വിട്ട രാഹുല്‍ സിംഗിളിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിന്റെ ഓവര്‍ത്രോയില്‍ രാഹുല്‍ മൂന്ന് റണ്‍സും സ്‌കോര്‍ ചെയ്തു. എന്നാല്‍ സെഞ്ച്വറി നേട്ടം ആദ്യം ആഘോഷിച്ചത് രാഹുലായിരുന്നില്ല, അത് കോഹ്ലിയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കൈകള്‍ ഉയര്‍ത്തി വീശിയാണ് കോഹ്ലി രാഹുലിന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

മത്സരത്തില്‍ രാഹുല്‍ 199 റണ്‍സിന് പുറത്തായി. 311 പന്തില്‍ പതിനാറ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ടെസ്റ്റില്‍ രാഹുലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. എന്നാല്‍ പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന കോഹ്ലിക്ക് മത്സരത്തില്‍ തിളങ്ങാനായില്ല. 29 പന്തില്‍ 15 റണ്‍സെടുത്ത് കോഹ്ലി പുറത്തായി.

DONT MISS