കണ്ണീരണിഞ്ഞ് കേരളം; എെഎസ്എല്‍ കിരീടം കൊല്‍ക്കത്തയ്ക്ക്

കൊച്ചി: കണ്ണീര്‍ക്കടലായി കൊച്ചിയിലെ മഞ്ഞക്കടല്‍, അധിക സമയത്തിലും ഇരു ടീമും തുല്ല്യത പാലിച്ചതോടെയാണ് വിധി നിര്‍ണ്ണയം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. അന്റോണിയോ ജര്‍മൈന്റെ ഗോള്‍ വലയില്‍. മറുപടിയായി ഹ്യൂമിന്റെ ഗോള്‍ സറ്റോക്ക്‌സ് തടഞ്ഞതോടെ ബ്ലാസ്‌റ്റേസി മത്സരത്തില്‍ മേല്‍ക്കൈ. രണ്ടാമത്തെ ഷോട്ടെടുത്ത ബെല്‍ഫോട്ടും അവസരം പാഴാക്കിയില്ല. തുടര്‍ന്ന് ഇഷ്ഫാഖ് കൊല്‍ക്കത്തയ്ക്കായി ആദ്യ ഗോള്‍ നേടിയെങ്കിലും പിന്നാലെ കിക്കെടുത്ത കാത്തിയോ അവസരം പാഴാക്കി. ഗോള്‍നില ഒപ്പത്തിനൊപ്പമാക്കി കൊണ്ട് ബോര്‍ജോ ഗോളടിച്ചു. കേരളത്തിന് മൂന്നാമത്തെ ഗോള്‍ റഫീഖിന്റെ കാലിലൂടെയാണ് നേടിയത്. പിന്നീട് കിക്കെടുക്കാന്‍ വന്ന ഹെം ഗ്ബര്‍ട്ട് അവസരം പാഴാക്കി. ഗോളിയുടെ കാലില്‍ തട്ടിയ ബോള്‍ പുറത്തേക്ക് പോയി. വിധി തീരുമാനം അവസാന കിക്കിലേക്ക്, കിക്കെടുക്കാനായി സമീഗ് ദൌതി പെനാള്‍ട്ടി ബോക്സിനരികിലേക്ക്. ദൌത്യം പൂര്‍ത്തിയാക്കി ദൌതി മടങ്ങുമ്പോള്‍ ചങ്ക് തകരുന്ന വേദനയുമായി ഗാലറിയില്‍ മഞ്ഞപ്പട.

ഐഎസ്എല്ലിന്റെ മുഴുവന്‍ ആവേശവും ചെപ്പിലൊളിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇറങ്ങിയപ്പോള്‍ പിറന്നത് വീറും വാശിയും ഒരുപോലെ നിറഞ്ഞ ആദ്യ പകുതി. തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം വാണെങ്കിലും പെടുന്നനെ തന്നെ കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരികെ വന്നതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലേക്ക്. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് മത്സരം ഇഞ്ചോടിഞ്ച് പോരട്ടമായി മാറുകയായിരുന്നു.

മുപ്പത്തേഴാം മിനിറ്റിലാണ്  കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കില്‍ കേരളത്തിന്റെ ഹെഡ് മാസ്റ്റര്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. കഴിഞ്ഞ സീസണില്‍ മറ്റ് താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോളും നാല് ഹെഡ്ഡര്‍ ഗോളിലൂടെ റാഫിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം പകര്‍ന്നത്. കഴിഞ്ഞ കൊല്ലം റാഫിയുടെ നാല് ഗോളും പിറന്നത് ഹെഡ്ഡറിലൂടെയായിരുന്നു.

നാല്‍പ്പത്തി നാലാം മിനുറ്റില്‍ കേരളത്തിന് കൊല്‍ക്കത്തയുടെ മറുപടി. എന്റികാ സെറീനോ ആണ് ഗോള്‍ മടക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി റാഫി ആദ്യ ഗോള്‍ നോടി ഏഴു മിനുറ്റുകള്‍ക്ക് ശേഷമാണ് സെറീനോ ഗോള്‍ മടക്കിയത്. ബ്ലാസ്റ്റേഴ്സിനായി ഹെഡ്ഡ്മാസ്റ്റര്‍ മുഹമ്മദ് റാഫി വീണ്ടുമൊരിക്കല്‍ തലക്കനം പുറത്തെടുപ്പോള്‍, കൊല്‍ക്കത്തയുടെ മറുപടിയും ഹെഡ്ഡറിലൂടെയായിരുന്നു. അതും കോര്‍ണറില്‍ നിന്ന്. ദൗതിയുടെ കോര്‍ണറിന് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് നിലയുറപ്പിച്ച് സെറീന ചാടിയുയര്‍ന്ന തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു.  തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലയില്‍ കെട്ടുമായാണ് സെറീനോ മത്സരം പൂര്‍ത്തിയാക്കിയതെന്നത് അയാളുടെ പോരാട്ടവീര്യത്തെ ഓര്‍മ്മിപ്പിക്കുന്നു. മറ്റൊരു അപൂര്‍വ്വത റാഫിയും തുടക്കത്തില്‍ പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും മടങ്ങിയിരുന്നു.

ആവേശചെപ്പ് തുറന്ന ആദ്യ പകുതിയ്ക്ക് ശേഷം കരുതലോടെയാണ് രണ്ടാം പകുതിയില്‍ ഇരുടീമുകളും കളിയാരംഭിച്ചത്. തുടര്‍ മുന്നേറ്റങ്ങളുമായി കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനിറ്റില്‍ ഗോള്‍ശ്രമങ്ങള്‍ കുറവായിരുന്നു. കളി കൂടുതലും മധ്യനിരയിലായിരുന്നു.  കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തങ്ങളുടെ പ്രതിരോധത്തിലും ഉറച്ച് നിന്നതോടെ ഗോള്‍ അകന്നു നിന്നു. ഒപ്പം വരാനിരിക്കുന്ന നിമിഷങ്ങളുടെ ആവേശവും ഉദ്വേഗവും കനപ്പിക്കുന്നതുമായിരുന്നു രണ്ടാംപകുതിയുടെ തുടക്കം.

അരലക്ഷത്തിലധികം കാണികള്‍ തങ്ങളുടെ പ്രിയടീമിന് ആവേശം പകരനായി കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഗ്യാലറിയില്‍ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലാക്കി ബ്ലാസ്റ്റേഴ്സിന് വേണ്ടി മഞ്ഞുപ്പട അണിനിരന്നിരുന്നു. നിലയ്ക്കാത്ത ആര്‍പ്പുവിളിയുമായി തങ്ങളുടെ ടീമിനായി ചങ്ക് പൊട്ടിയലറുകയായിരുന്നു. നിലയ്ക്കാത്ത ആരവം ശബ്ദരേഖയില്‍ രേഖപ്പെടുത്തിയത് 125 ഡെസിബലാണ് എന്നത് തന്നെ മനസ്സിലാക്കി തരും മഞ്ഞപ്പടയുടെ ആവേശത്തെ.

90 മിനുറ്റിലും ഗോളൊന്നും പിറക്കാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ട് പോവുകയായിരുന്നു. എന്നാല്‍ കേരളത്തിന്റെ മുഴുവന്‍ പ്രതീക്ഷയും നെഞ്ചിലേറ്റി കളത്തിലിറങ്ങിയ സികെ വിനീത് കലാശപോരാട്ടത്തില്‍ മങ്ങിപ്പോയി. എടുത്ത് പറയാനകുന്ന മികച്ചൊരു മുന്നേറ്റം പോലും വിനീതില്‍ നിന്നുമുണ്ടായില്ല. പകരം മൂന്നാം സീസണില്‍ ഇത്രയും ദൂരം മികവ് പുറത്തെടുക്കാതിരുന്ന റാഫിയണ് കേരളത്തിനായി തുടക്കത്തില്‍ ഉണര്‍ന്ന് കളിച്ചതും ഗോള്‍ നേടിയതും. വീനീതിനെ കൃത്യമായി പൂട്ടാന്‍ കൊല്‍ക്കത്ത വിജയിച്ചെന്ന് വേണം വിലയിരുത്താന്‍.

എക്സ്ട്രാ ടെെമിലേക്ക് നീങ്ങിയ മത്സരം അവസാന നിമിഷങ്ങളില്‍ വിജയം മാത്രം മുന്നില്‍ കണ്ട് രണ്ട് കൂട്ടരും മെെതാനത്ത് നിറഞ്ഞ് കളിച്ചതോടെ കളി ഇടയ്ക്കെക്കെ കയ്യാങ്കളിയായി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടയുടെ കാവല്‍ക്കാരനായ സന്ദേശ് ജിങ്കാനും ഇഷ്ഫാക് അഹമ്മദിനും മഞ്ഞക്കാര്‍ഡ് കിട്ടിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബോര്‍ജയക്കും മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു. ഹോസുവില്ലാതെയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് മധ്യനിരയില്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച രണ്ട് ഫ്രീകിക്ക് നഷ്ടമാക്കിയതും.

DONT MISS
Top