ഇന്തോനേഷ്യയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നു

ജക്കാര്‍ത്ത : ഇന്തോനേഷ്യയുടെ വ്യോമസേനാ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചു. ഹെര്‍കുലീസ് സി-130 വിമാനമാണ് കിഴക്കന്‍ പാപ്പുവ പ്രവിശ്യയില്‍ തകര്‍ന്നുവീണത്. മൂന്ന് പൈലറ്റുമാരും 10 സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായി വ്യോമസേനാ മേധാവി ആഗസ് സുപ്രിയാത്‌ന അറിയിച്ചു.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തിമികയില്‍ നിന്ന് 5.35ന് പറന്നുയര്‍ന്ന വിമാനം 6.13ന് വമേനയില്‍ ഇറങ്ങേണ്ടതാണ്. എന്നാല്‍ 6.08 ഓടെ വിമാനത്തില്‍ നിന്ന് സന്ദേശം ലഭിച്ചെങ്കിലും പിന്നീട് കാണാതാകുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

മൃതശരീരങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചതായി ഇന്തോനേഷ്യ റിസര്‍ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി ഡയറക്ടര്‍ ഇവാന്‍ അഹമ്മദ് റിസ്‌കി ടൈറ്റസ് വ്യക്തമാക്കി.

2015 ജൂണില്‍ ഹെര്‍കുലീസ് സി-130 വ്യോമസേനാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 109 യാത്രക്കാരും 12 ജീവനക്കാരും 22 പ്രദേശവാസികളും അടക്കം 143 പേര്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top