ജനകീയ പ്രതിഷേധം കലാപമായി മാറി; നോട്ട് പിന്‍വലിക്കല്‍ തീരുമാനം വെനസ്വേല മരവിപ്പിച്ചു

പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവില്‍

കാരക്കാസ്: ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം വെനസ്വേല മരവിപ്പിച്ചു. ജനുവരി വരെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്‍വലിച്ച 100 ബൊളിവര്‍ നോട്ടുകള്‍ ജനവരി രണ്ടുവരെ ഉപയോഗിക്കാമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു. ജനകീയപ്രതിഷേധം കലാപവും കൊള്ളയുമായി മാറിയതിനെത്തുടര്‍ന്നാണ് നോട്ട് പരിഷ്‌കാരം തല്‍ക്കാലത്തേയ്ക്ക് മരവിപ്പിച്ചത്.

അസാധുവാക്കിയ ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ യഥാസമയം എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറിയാണെന്നും മഡുറോ ആരോപിച്ചു.

പ്രസിഡന്റ് നിക്കോളാസ് മഡുറോ

നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ദിവസങ്ങളായി നോട്ടുകള്‍ മാറാനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂവിലാണ്. പണമില്ലാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും വ്യാപാരസ്ഥാപനങ്ങളും ഭക്ഷണ ട്രക്കുകളും കൊള്ളയടിക്കുകയും ചെയ്തിരുന്നു.

നോട്ട് പിന്‍വലിക്കലിക്കലിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. പ്രക്ഷോഭകാരികളും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു.

അസാധുവാക്കിയ കറന്സി

കഴിഞ്ഞ ഞായറാഴ്ചയാണ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണവും കള്ളക്കടത്ത് മാഫിയയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ട് നിരോധനം.

മാഫിയാസംഘങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ കൊളംബിയ അടക്കമുള്ള സമീപരാജ്യങ്ങളിലേയ്ക്ക് കടത്തി രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇത് തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കറന്‍സി പിന്‍ലിച്ചത്. ഏതാണ്ട് 300 ബില്യണ്‍ ബൊളിവറോളം ഇത്തരം കള്ളക്കടത്ത് സംഘങ്ങള്‍ കൈവശം സൂക്ഷിക്കുന്നതായും സര്‍ക്കാര്‍ ആരോപിക്കുന്നു.

ലോകത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള, സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യമാണ് വെനസ്വേല. വെറും 190 പൈസയാണ് 100 ബൊളിവര്‍ കറന്‍സിക്ക് ഇപ്പോഴുള്ള മൂല്യം. ഈ വര്‍ഷം അവസാനത്തോടെ വെനസ്വേലയില്‍ പണപ്പെരുപ്പം 475 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

DONT MISS
Top