ബ്ലാസ്‌റ്റേഴ്‌സ് കിരീടം ചൂടുമെന്ന പ്രതീക്ഷയില്‍ റിനോ ആന്റോയുടെ കുടുംബം

റിനോയുടെ കുടുംബം

തൃശൂര്‍: തീപാറും പോരാട്ടത്തിന് കൊച്ചി സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം സുനിശ്ചിതമെന്ന പ്രതീക്ഷയിലാണ് മിഡ്ഫീല്‍ഡര്‍ റിനോ ആന്റോയുടെ കുടുംബം. റിനോ ആന്റോക്ക് ഫൈനലില്‍ കളിക്കാന്‍ അവസരമുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

തൃശ്ശൂര്‍ ഒല്ലൂക്കരയിലെ റിനോ ആന്റോയുടെ കുടുംബം ഓരോ മലയാളിയെയും പോലെ പ്രാര്‍ത്ഥനയിലാണ്. കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ കൊല്‍ക്കത്ത-കേരള ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് വെന്നിക്കൊടിപാറിക്കുന്നത് കാണാനാകുമെന്ന പ്രതീക്ഷയില്‍.

അത്‌ലറ്റിക്കോ കൊല്‍ക്കത്ത തികഞ്ഞ ടീമായതിനാല്‍ കേരളത്തിന്റെ പ്രതീക്ഷ പ്രതിരോധ നിരയിലാണ്. സികെ വിനീതിന്റെ ചടുലതയെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിജയം കേരളത്തിനൊപ്പമാകുമെന്നാണ് റിനോയുടെ അച്ഛന്‍ ആന്റോ പറയുന്നത്. ഫൈനലില്‍ റിനോയിറങ്ങുമെന്ന പ്രതീക്ഷയാണ് ഫുട്‌ബോള്‍ താരം കൂടിയായ സഹോദരന്‍ ജോസഫ് പറയുന്നത്

റിനോയുടെ പൊസിഷനില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍ത്താടിയ ഹോസു ഫൈനലില്‍ കളിക്കുന്നില്ല. അതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇടതുവിങ്ങില്‍ നിന്നും കേരളത്തിന്റെ വിജയവഴി വെട്ടിത്തുറക്കാന്‍ റിനോയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ഒപ്പം മലയാളികളും.

DONT MISS
Top