ആപ്പിളിന്റെ വഴിയേ സാംസങ്ങും; ഗ്യാലക്‌സി എസ്8-ല്‍ ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ല; പുതിയ ഫോണിന്റെ വിശേഷങ്ങള്‍

ഗ്യാലക്സി എസ്8-ന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്

ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച ഐഫോണിന്റെ പുതിയ പതിപ്പിലെ ഏറ്റവും വലുതും ഞെട്ടിപ്പിക്കുന്നതുമായ പ്രത്യേകത അതിന്റെ ഇയര്‍ഫോണിനെ സംബന്ധിച്ചതായിരുന്നു. എയര്‍പോഡ് എന്ന വയര്‍ലെസ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചതിനൊപ്പം ഇയര്‍ഫോണുകള്‍ ഘടിപ്പിക്കുന്നതിനായി ഫോണില്‍ ഉണ്ടാവുന്ന 3.5 എംഎം ജാക്ക് പൂര്‍ണമായി ഒഴിവാക്കുകയാണ് ആപ്പിള്‍ ചെയ്തത്.

ഇപ്പോഴിതാ സാംസംങ്ങും ആപ്പിളിന്റെ വഴിയേ തന്നെ നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ആന്‍ഡ്രോയിഡ് വിഭാഗത്തില്‍ പെട്ട പുതിയ ഫോണായ ഗ്യാലക്‌സി എസ്8-ന് ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പകരമായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ടാണത്രെ ഫോണില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസംഗ് എസ്8 അവതരിപ്പിക്കും എന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്.

വീഡിയോ:

യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തന്നെയായിരിക്കും ഫോണിന്റെ ഓഡിയോ പോര്‍ട്ടായും പ്രവര്‍ത്തിക്കുക. ഐഫോണ്‍ 7-നിലും ഇതേ മാറ്റമാണ് ആപ്പിള്‍ അവതരിപ്പിച്ചിരുന്നത്. സാംസങ്ങ് ഉപഭോക്താക്കളും ഇനി മുതല്‍ പാട്ടു കേള്‍ക്കാനായി യുഎസ്ബി പോര്‍ട്ടില്‍ പ്രത്യേക അഡാപ്റ്റര്‍ ഘടിപ്പിക്കുകയോ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

5.7 ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിംഗിന്റെ ഗൊറില്ല ഗ്ലാസ് 5, ക്വാല്‍കോമിന്റെ സ്‌നാപ് ഡ്രാഗണ്‍ 830 എക്‌സിനോസ് 8895 ഒക്ടാകോര്‍ പ്രൊസസര്‍, 6 ജിബി റാം 64/128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് സാംസങ്ങ് ഗ്യാലക്‌സി എസ്8-ന് ഉണ്ടാകും എന്ന് ടെക് ലോകം കരുതുന്ന പ്രത്യേകതകള്‍. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സംഭരണശേഷി 256 ജിബി വരെ ഉയര്‍ത്താനും കഴിയും. ആന്‍ഡ്രോയിഡ് 7 ന്യൂഗട്ട് ആയിരിക്കും എസ്8-ലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

അലൂമിനിയം കൊണ്ടുള്ള ബോഡിയായിരിക്കും ഫോണിന് ഉണ്ടാവുക. ഹോം ബട്ടണ്‍ സ്വിച്ച് ഉണ്ടാവില്ല. വളഞ്ഞ ഡിസ്‌പ്ലേയായിരിക്കും എസ്8-ന്റെ മറ്റൊരു പ്രത്യേകത. ഇതെല്ലാം ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങളാണ്. എന്നാല്‍ ഇത്തരം സൈറ്റുകളുടെ പ്രവചനങ്ങള്‍ ഒരു പരിഘധി വരെ ശരിയാകാറുണ്ട്. എന്തായാലും എസ്8-ല്‍ എന്തൊക്കെ അത്ഭുതങ്ങളാകും സാംസങ്ങ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക എന്ന് കാത്തിരുന്നു തന്നെ കാണാം.

ഗ്യാലക്സി എസ്8-ന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചിലത്:

DONT MISS