വന്തിട്ടേന്ന് സൊല്‍, കിക്കാസ് ടോറന്റ് തിരുമ്പി വന്തിട്ടേന്ന് സൊല്‍; പതിന്മടങ്ങ് കരുത്തോടെ കിക്കാസ് തിരിച്ചെത്തി

ടോറന്റുകള്‍ ഫീനിക്‌സ് പക്ഷിക്ക് തുല്യമാണ്. എത്ര കൊന്നാലും പതിന്മടങ്ങ് കരുത്തോടെ ടോറന്റുകള്‍ തിരിച്ച് വരും. കിക്കാസ് ടോറന്റിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഇത്തവണ കിക്കാസ് വന്നിരിക്കുന്നത് മിറര്‍, അല്ലെങ്കില്‍ ക്ലോണ്‍ സൈറ്റായല്ല! പഴയകാല പ്രതാപത്തോടെയുള്ള ഒന്നാന്തരം ഒറിജിനല്‍ സൈറ്റായാണ് കിക്കാസിന്റെ രണ്ടാം വരവ്.

കിക്കാസ് ടോറന്റിനെ, ഒറിജിനല്‍ സ്റ്റാഫേഴ്‌സ് എന്ന സംഘമാണ് പുതിയ ഡൊമേനിന് കീഴില്‍ പുനരുജ്ജീവിപ്പിച്ചത്. അതേസമയം, കിക്കാസിന്റെ പ്രതാപ കാലത്തെ എല്ലാ ഉള്ളടക്കങ്ങളും പുതിയ ഡൊമേനിന് കിഴിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

കിക്കാസ് ടോറന്റ് നിലവില്‍ ചില സെര്‍വര്‍ പ്രതിസന്ധികള്‍ നേരിട്ട് വരികയാണെന്നും എത്രയും പെട്ടെന്ന് അത് പരിഹരിക്കുമെന്നും വെബ്‌സൈറ്റിന്റെ ഹോംപേജില്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ശക്തമായി മുന്നണിയിലുണ്ടാകുമെന്നും കിക്കാസിന്റെ സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

യൂട്യൂബ് പോലുള്ള സൈറ്റുകള്‍ പിന്തുടരുന്ന ഡിഎംസിഎ നടപടികള്‍ സ്വീകരിച്ചാണ് കിക്കാസ് ടോറന്റ് ഒരുക്കിയിട്ടുള്ളതെന്ന് സ്റ്റാഫേഴ്‌സ് വ്യക്തമാക്കയിട്ടുണ്ട്. അതിനാല്‍ പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ കിക്കാസിന്റെ സെര്‍വറുകളില്‍ ലഭ്യമാകില്ല.

നേരത്തെ, പോളണ്ടില്‍ നിന്ന് കിക്കാസിന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് ടോറന്റ് ശൃഖലയുടെ അടിവേരുകള്‍ ഇളകിയിരുന്നത്. കിക്കാസിന് പിന്നാലെ വമ്പന്മാരായ പൈറേറ്റ്‌ബെയും, ടോറന്റ്‌സ്.ഇയു വും സേവനങ്ങള്‍ നിര്‍ത്തിയത്, ടോറന്റ് ശൃഖലയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇടവേളകളില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ടോറന്റുകളുടെ ക്ലോണ്‍, മിറര്‍ സൈറ്റുകള്‍ ലഭ്യമായിരുന്നു.

DONT MISS
Top