നിലമ്പൂരില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ സംസ്‌കാരം ഇന്ന്

അജിത ( ഫയല്‍ ചിത്രം )

കോഴിക്കോട് : നിലമ്പൂരില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തിലാണ് സംസ്‌കാരം. മൃതദേഹം ആചാരപൂര്‍വം സംസ്‌കരിക്കുന്നതിന് ഉപാധികളോടെ സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സംസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് മൃതദേഹം സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൃതദേഹം മോര്‍ച്ചറി പരിസരത്തിന് വെളിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല, മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കരുത്, മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം വിളി പാടില്ല തുടങ്ങിയ നിബന്ധനകളും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം രാവിലെ പതിനൊന്ന് മണിയോടെ അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം.
മൃതദേഹം വിട്ടുകൊടുക്കുന്നതു മുതല്‍ സംസ്‌കരിക്കുന്നതുവരെ പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും.

അജിതയുടെ സുഹൃത്ത് ഭഗവത് സിംഗിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് സംസ്‌കാരം നീട്ടിവെച്ചത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭഗവത് സിംഗ് കോടതിയെ സമീപിച്ചത്. നവംബര്‍ 24 ന് കരുളായില്‍ നടന്ന ഏറ്റുമുട്ടലിലാണ് അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടത്. ദേവരാജിന്റെ മൃതദേഹം ഡിസംബര്‍ പത്തിന് സംസ്‌കരിച്ചിരുന്നു.

DONT MISS
Top