സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം; ചരക്കുലോറികളില്‍ ജോലി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നു

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വദേശിവത്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി ചരക്കു ലോറികളിലെ ജോലി സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ സ്വദേശിവത്ക്കരണം വിജയകരമാണ്. ഇതില്‍ നിന്നുളള പ്രചോദനമാണ് കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്ക്കരണ പദ്ധതി നടപ്പിലാക്കാന്‍ തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.

ഇടത്തരം ചരക്കു ലോറികളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കും. ചെറിയ ട്രക്കുകളിലും സ്വദേശികള്‍ക്കു മാത്രം ജോലി ചെയ്യാന്‍ അനുമതി നല്‍കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളുമായി ഏകോപനം നടന്നുവരുകയാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ട്രക്കുകളില്‍ വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ എന്ന നിലയിലാണ് ഈ രംഗത്തു സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്വദേശികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ അവസരം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DONT MISS
Top