ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍: സിന്ധു- കരോലിന പോരാട്ടം ഇന്ന്

പിവി സിന്ധു

ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ബി ഗ്രൂപ്പില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ഗ്രൂപ്പിലെ തന്റെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മരിനെ നേരിടും. ഒളിംപിക്‌സ് ഫൈനലില്‍ ഏറ്റുമുട്ടിയ ശേഷം ഇരുവരും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

ബി ഗ്രൂപ്പിലെ തന്റെ രണ്ടാം മത്സരത്തില്‍ സിന്ധു കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലോക ആറാംനമ്പര്‍ ചൈനയുടെ സുന്‍ യുവിനോടാണ് സിന്ധു തോറ്റത്. സ്‌കോര്‍ 15-21, 17-21. അതിനാല്‍ ഇന്നത്തെ മത്സരം സിന്ധുവിന് നിര്‍ണായകമാണ്. നേരത്തെ കരോലിന മരിനും സുന്‍ യുവിനോട് പരാജയപ്പെട്ടിരുന്നു.

സുന്‍ യുവിനെതിരായ മത്സരത്തിലെ ആദ്യ ഗെയിമില്‍ സിന്ധു പൊരുതാതെ കീടങ്ങുകയായിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ശക്തമായ പോരാട്ടം കാഴ്ചവെച്ചു. 15-13 ലീഡെടുത്ത സിന്ധു 17-17 എന്ന നിലയില്‍ ഒപ്പമെത്തി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നാലുപോയിന്റുകള്‍ നേടി സുന്‍ യു മത്സരം സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെയായിരുന്നു സിന്ധു ടൂര്‍ണമെന്റ് തുടങ്ങിയത്. ജപ്പാന്റെ അക്കാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയായ സിന്ധു തറപറ്റിച്ചത്. സ്‌കോര്‍ 12-21, 21-8, 21-15. ആദ്യ മത്സരത്തില്‍ 21-18, 24-22 എന്ന സ്‌കോറിനായിരുന്നു മരിന്‍ സുന്‍ യുവിനോട് കീഴടങ്ങിയത്.

ടൂര്‍ണമെന്റിന് യോഗ്യത നേടിയ ഏക ഇന്ത്യന്‍ വനിതാ താരമാണ് പിവി സിന്ധു. സിന്ധുവിന്റെ ആദ്യ ലോക സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റാണിത്.

DONT MISS
Top