പതിനാല് മാസത്തെ സൗദി ദുരിത ജീവിതത്തിന് വിട; മലയാളി വീട്ടമ്മ നാട്ടിലേക്ക്

റിയാദ്: വീട്ടുജോലിക്കെത്തി പതിനാല് മാസത്തോളം സൗദിയില്‍ ദുരിത ജീവിതം നയിച്ച മലയാളി വീട്ടമ്മക്ക് മോചനം. കോഴിക്കോട് തെക്കേപ്പുറം സ്വദേശി എംപി ഫാസില ആണ് സ്പോണ്‍സറുടെ പീഢനത്തില്‍ നിന്നും മോചിതയായത്. ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചും പട്ടിണിക്കിട്ടും ആണ് ഫാസിലയെ സ്‌പോണ്‍സര്‍ പതിനാലുമാസത്തോളം പീഢിപ്പിച്ചത്.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കോഴിക്കോട് തെക്കേപ്പുറം  സ്വദേശി എംപി ഫാസിലയെ സൗദിയില്‍ വീട്ടുജോലിക്ക് എത്തിച്ചത്. എന്നാല്‍ ജോലിക്കെത്തിയതുമുതല്‍ വിശ്രമിക്കാന്‍ അനുവദിക്കാതെ കഠിനമായി ജോലിചെയ്യിക്കുകയായിരുന്നു സ്‌പോണ്‍സര്‍. ആവശ്യത്തിന് ഭക്ഷണവും നല്‍കിയിരുന്നില്ല. മൂന്നൂം നാലും ദിവസം പഴക്കമുള്ള ഭക്ഷണമാണ് ഫാസിലക്ക് നല്‍കിയിരുന്നത്. ജോലിയില്‍ എന്തെങ്കിലും വീഴ്ച്ച പറ്റിയാല്‍ കൊടിയമര്‍ദ്ദനവും പതിവായിരുന്നു.

കഴിഞ്ഞ എട്ട്മാസത്തോളം ശമ്പളവും നല്‍കിയിരുന്നില്ല. തുടര്‍ന്ന് തായിഫ് ഗവര്‍ണ്ണറേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്‌പോണ്‍സര്‍ ശമ്പളം നല്‍കിയത്. 1200 റിയാല്‍ ശബളം വാഗ്ദാനം ചെയ്താണ് ഫാസിലയെ ഏജന്റ് സൗദിയില്‍ എത്തിച്ചത്. എന്നാല്‍ ലഭിച്ചതാകട്ടെ അറുനൂറ് റിയാല്‍ മാത്രം. പിന്നീട് തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാലിയുടെ നേതൃത്വത്തില്‍ ഫാസിലയുടെ പ്രശ്‌നം കോണ്‍സുലേറ്റിന്റെ മുന്‍പില്‍ എത്തിക്കുകയായിരുന്നു.

കോണ്‍സുലേറ്റിന്റെ സഹായത്തോടെ പൊലീസിലും ലേബര്‍കോടതിയിലും പരാതി നല്‍കി. എന്നാല്‍ സ്‌പോണ്‍സറുടെ നിസഹകരണത്തെ തുടര്‍ന്ന് കേസ് നീണ്ടുപോകുകയായിരുന്നു. ആറുമാസത്തോളം നീണ്ടനിയമനടപടികള്‍ക്ക് ഒടുവിലാണ് ഫാസിലക്ക് മോചനം സാധ്യമായത്.

DONT MISS
Top