ജൂനിയര്‍ ഹോക്കി ലോകകപ്പ്: സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

ദില്ലി: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ സ്‌പെയിനിനെ തകര്‍ത്താണ് നീലപ്പട സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്.

മത്സരം ആരംഭിച്ചതു മുതല്‍ സ്‌പെയിന്‍ ഗോള്‍മുഖത്തേക്ക് ഇന്ത്യന്‍ സംഘം നിരന്തരം ആക്രമണം നടത്തി. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. ആദ്യ പകുതിയില്‍ വീണു കിട്ടിയ രണ്ട് പെനാല്‍റ്റികളാണ് ഇന്ത്യ തുലച്ചത്. എന്നാല്‍ 22ആം മിനുറ്റില്‍ മാര്‍ക് സെറാഹിമ ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടി.

മറുപടി ഗോളിനായി പൊരുതിയ ഇന്ത്യക്ക് ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനായില്ല. പക്ഷേ രണ്ടാം പകുതിയില്‍ ഇന്ത്യ കണക്ക് തീര്‍ത്തു. 57ആം മിനുറ്റില്‍ സിമ്രന്‍ജീത് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു. ആദ്യ ഗോള്‍ പിറന്നതിന്റെ ആത്മവിശ്വാസത്തില്‍ പൊരുതിക്കളിച്ച ഇന്ത്യ 65ആം മിനുറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലൂടെ മുന്നിലെത്തി.

പ്രാഥമിക റൗണ്ടുകളില്‍ കാനഡ, ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്ക എന്നീ മുന്‍ നിര ടീമുകളെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം സെമിയില്‍ ബെല്‍ജിയം ജര്‍മനിയുമായി ഏറ്റുമുട്ടും.

DONT MISS
Top