ബിസിസിഎെ ഭാരവാഹികള്‍ക്കെതിരെ നടപടി; ലോധ കമ്മിറ്റി ശുപാര്‍ശകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്ന ലോധകമ്മിറ്റി ശുപാർശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കാനുള്ള അധികാരത്തോടെ നിരീക്ഷകനെ നിയമിക്കണമെന്നാണ് ലോധ സമിതിയുടെ ശുപാർശ.

ലോധകമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ഇതുവരെയും ബിസിസിഐ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതിയുടെ ഇന്നത്തെ നടപടി ബിസിസിഐക്ക് നിർണ്ണായകമാണ്. കഴിഞ്ഞ ആഴ്ച ചേർന്ന ബിസിസിഐയുടെ കൂടിയാലോചനാ യോഗത്തിൽ ശുപാർശകൾ നടപ്പാക്കാൻ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല സുപ്രീംകോടതി നടപടികൾ പൂർത്തിയാകും വരെ കാത്തിരിക്കാനാണ് ധാരണ. അതിനിടെ ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന ബിസിസിഐ യുടെ ആവശ്യം കോടതി തള്ളിയിരുന്നു

അതേസമയം, ബിസിസിഐയുടെ മുഴുവന്‍ ഭാരവാഹികളേയും അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ചാണ് ലോധ സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ക്രിക്കറ്റ് ഭരണകൂടങ്ങളുടെ ഭാരവാഹികളേയും പുറത്താക്കണമെന്ന് ശുപാര്‍ശയിലുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

DONT MISS
Top