രക്തമൊലിക്കുന്ന മുഖവുമായി പ്രീതം കോട്ടായി: മൈതാനത്തെ ചോരക്കളമാക്കി കൊല്‍ക്കത്ത-മുംബൈ താരങ്ങളുടെ തമ്മില്‍ത്തല്ല്

മുംബൈ: ഐഎസ്എല്ലിന്റെ ആദ്യസെമിയുടെ രണ്ടാംപാദ മത്സരം അവസാനിപ്പിച്ച് ഇന്ത്യയുടേയും കൊല്‍ക്കത്തയുടേയും പ്രതിരോധ താരം പ്രീതം കോട്ടായി സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയത് രക്തമൊലിക്കുന്ന മുഖവുമായിട്ടായിരുന്നു. മത്സരശേഷം മുംബെെ സിറ്റി എഫ്സി താരങ്ങളുമായി ഉണ്ടായ കയ്യാങ്കളിയില്‍ പ്രീതത്തിന്റെ ഇടത് കണ്ണിന് താഴെ മുറിവേറ്റിരുന്നു. മത്സരം ഗോള്‍ രഹിതമായി പിരിഞ്ഞതോടെ ആദ്യ പാദത്തിലെ വിജയം കൊല്‍ക്കത്തയ്ക്ക് തുണയാവുകയായിരുന്നു. മുംബൈയെ മറികടന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

മത്സരത്തിലുണ്ടനീളം പരുക്കന്‍ കളിയായിരുന്നു ഇരുടീമുകളും പുറത്തെടുത്തിരുന്നത്. ഒരടിയ്ക്കുള്ള സാധ്യത നേരത്തേയുണ്ടായിരുന്നു. 41 ആം മിനിറ്റില്‍ കൊല്‍ക്കത്തയുടെ പ്രതിരോധക്കാരന്‍ റോബര്‍ട്ട് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായിരുന്നു. പത്ത് പേരുമായി കളി പുനരാരംഭിച്ച കൊല്‍ക്കത്ത മുംബൈയുടെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ കൊല്‍ക്കത്ത താരങ്ങള്‍ നിരന്തരം പ്രകോപിച്ചിരുന്നു.

മത്സരത്തിന് വിരാമമിട്ടുകൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ വിജയം ആഘോഷിക്കുകയായിരുന്ന കൊല്‍ക്കത്ത താരങ്ങളും മുംബൈയുടെ പ്രതിരോധ താരവും തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു. തൊട്ട് പുറകെ മറ്റ് താരങ്ങളും എത്തിയതോടെ രംഗം വഷളായി. പ്രീതത്തിന്റെ മുഖത്ത് പരുക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ല. ചോരയൊലിക്കുന്ന മുഖവുമായായാണ് താരം മൈതാനം വിട്ടത്.

മത്സരശേഷമുണ്ടായ അനിഷ്ടസംഭവം ഐഎസ്എല്ലിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുന്നതായിരുന്നു. റഫറിമാരും ടീം മാനേജ്‌മെന്റും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നിട്ടും കലിയടങ്ങാതെ താരങ്ങള്‍ പരസ്പരം വെല്ലുവിളിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ചെന്നൈയിനും എഫ്‌സി ഗോവയും തമ്മില്‍ നടന്ന ഫൈനലിന് ശേഷവും താരങ്ങള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഗോവന്‍ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അതിരുവിട്ട് പെരുമാറിയതിന് ചെന്നൈയിനിന്റെ ബ്രസീലുകാരന്‍ നായകന്‍ എലാനോ ബ്ലൂമറിനെതിരെ ഗോവന്‍ ടീം  പൊലീസില്‍ പരാതി നല്‍കിയിരുന്നു.

DONT MISS
Top