ഒടുവില്‍ നോക്കിയ എത്തി; നോക്കിയ 150, നോക്കിയ 150 ഡ്യൂവല്‍ ഫോണുകള്‍ രംഗത്ത്

ഒടുവില്‍ നോക്കിയയില്‍ നിന്നുള്ള ആദ്യ ഫോണുകള്‍ യാഥ്യാര്‍ത്ഥമായി. നോക്കിയ ബ്രാന്‍ഡിന് കീഴില്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ അവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 150, നോക്കിയ 150 ഡ്യൂവല്‍ സിം മോഡലുകളെ ഇന്ന് അവതരിപ്പിച്ചു.

ഇന്റര്‍നെറ്റ് സേവനങ്ങളില്ലാത്ത ഫീച്ചര്‍ ഫോണ്‍ ശ്രേണിയിലുള്ള മോഡലുകളാണ് നോക്കിയ 150, നോക്കിയ 150 ഡ്യൂവല്‍ സിം. 1800 രൂപയോളമാകും ഇരു മോഡലുകള്‍ക്കും വില വരികയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നോക്കിയ 150, നോക്കിയ 150 ഡ്യൂവല്‍ സിം മോഡലുകള്‍ വിപണിയിലെത്തുമെന്ന് എച്ചഎംഡി ഗ്ലോബല്‍ അറിയിച്ചു. ഏഷ്യയും കിഴക്കന്‍ യൂറോപ്പിലും ഫീച്ചര്‍ ഫോണുകള്‍ക്ക് ഇപ്പോഴും വലിയ ആവശ്യക്കാരാണ് ഉള്ളത്.

ആന്‍ഡ്രോയിഡിനൊപ്പം മത്സരിക്കാന്‍ ശ്രമിച്ച നോക്കിയ ഒരു ഘട്ടത്തില്‍ പതറിയിരുന്നെങ്കിലും വിന്‍ഡോസ് ഒഎസിലൂടെ തിരിച്ചെത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2014 ല്‍ നോക്കിയ ഫോണുകളുടെ അവകാശം മൈക്രോസോഫ്റ്റ് വാങ്ങുകയായിരുന്നു. പക്ഷെ നോക്കിയയുടെ തിരിച്ച് വരവിന് മൈക്രോസോഫ്റ്റിനും കളമൊരുക്കാന്‍ സാധിച്ചില്ലെന്ന് മാത്രം.

ആന്‍ഡ്രോയിഡിന്റെ ഓളങ്ങളില്‍ മുങ്ങി പോയ നോക്കിയ, 2017 ല്‍ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ രണ്ട് പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയെ അവതരിപ്പിച്ചാകും നോക്കിയ വിപണിയിലെത്തുകയെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നോക്കിയയില്‍ നിന്നുമുള്ള സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.

അതേസമയം, നോക്കിയയില്‍ നിന്നുള്ള നോക്കിയ D1C സ്മാര്‍ട്ട്‌ഫോണുകളുടെ വില ആരംഭിക്കുന്നത് 10000 രൂപയില്‍ നിന്നാണെന്ന് nokiapoweruser.com എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത് നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ വരവ് ഉടനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കിയിരിക്കുകയാണ്.

നോക്കിയ ഫോണുകളുടെ അവതരണം, നിര്‍മ്മാണം, വിപണനം, പരസ്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എച്ച്എംഡി ഗ്ലോബല്‍ (HMD Global) നേരത്തെ, നേടിയിരുന്നു. അതേസമയം മദറാണ് (Mother), കമ്പനിയുടെ ഗ്ലോബല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.

നോക്കിയ ഫോണുകള്‍ ഒരു കാലത്തെ മുഖമുദ്രയായിരുന്നു. നോക്കിയയുടെ തിരിച്ചുവരവിനായി തങ്ങളാല്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്‍കാലങ്ങളിലെ പോലെ വിശ്വസനീയമായ ഉത്പന്നങ്ങള്‍ നോക്കിയയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം ഒരുക്കുമെന്നും എച്ച്എംഡി ഗ്ലോബല്‍ സിഎംഒ പെക്ക രന്താല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

DONT MISS
Top