‘ചെറുപ്പത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ട്’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സോനം കപൂര്‍

സോനം കപൂര്‍

മുംബൈ: കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് സുന്ദരി സോനം കപൂര്‍ രംഗത്ത്. താന്‍ ചെറുപ്പത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് സോനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

പ്രശസ്ത ചലച്ചിത്ര നിരൂപകനായ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലാണ് സോനം തന്റെ കുട്ടിക്കാലത്ത് ഉണ്ടായ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറായത്. ചെറുപ്പകാലത്ത് താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മാനസ്സികമായി വളരെ ആഘാതമുണ്ടാക്കിയ സംഭവമായിരുന്നു അതെന്നുമാണ് സോനത്തിന്റെ വെളിപ്പെടുത്തല്‍.

വിവിധ വിഭാഗങ്ങളിലായി, പോയ വര്‍ഷത്തെ മികച്ച പ്രകടനങ്ങളെ വിലയിരുത്തുന്ന പ്രത്യേക പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് സോനം അമ്പരപ്പിക്കുന്നതും രാജ്യത്തെ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന ഭീകരതയെക്കുറിച്ച് വ്യക്തമാക്കുന്നതുമായ വെളിപ്പെടുത്തല്‍ നടത്തിയത്.

പ്രശസ്ത ബോളിവുഡ് നടനായ അനില്‍ കപൂറിന്റെ മകളാണ് സോനം. സമ്പന്നയും പ്രശസ്തയുമായിരുന്നിട്ടും സോനത്തിന് ഇത്തരമൊരു അനുഭവമുണ്ടായെങ്കില്‍ രാജ്യത്തെ സാധാരണക്കാരും അബലകളുമായ പെണ്‍കുട്ടികളുടെ അവസ്ഥ എത്ര ദു:സ്സഹമായിരിക്കുമെന്ന് ചിന്തിപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

സോനത്തിന് പുറമെ ബോളിവുഡിലെ പ്രശസ്ത നടിമാരായ വിദ്യാബാലന്‍, അനുഷ്‌ക ശര്‍മ്മ, ആലിയ ഭട്ട്, രാധിക ആപ്‌തെ തുടങ്ങിയവരും ഷോയില്‍ പങ്കെടുത്തിരുന്നു. ആരും പറയാനാഗ്രഹിക്കാത്ത വിഷയത്തെക്കുറിച്ച് മനസ്സ് തുറക്കാന്‍ എല്ലാവരും തയ്യാറായി. ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന മാനസ്സികാവസ്ഥയെക്കുറിച്ചായിരുന്നു അനുഷ്‌ക സംസാരിച്ചത്. അതേസമയം, താരങ്ങളുടെ മക്കള്‍ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ചായിരുന്നു ആലിയയ്ക്ക് പറയാനുണ്ടായിരുന്നത്.

DONT MISS
Top