തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; ക്രിസ്മസ് റിലീസുകള്‍ മാറ്റിവെച്ചു

ഫയല്‍ ചിത്രം

കൊച്ചി: ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന സിനിമകള്‍ മാറ്റിവെച്ചു. നിര്‍മാതാക്കള്‍‌ക്കുള്ള തിയേറ്റര്‍ വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണം. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി, ഇസ്ര എന്നീ ചിത്രങ്ങളുടെ റിലീസിംഗാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈമാസം മധ്യത്തോടെയാണ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.

കഴിഞ്ഞ കുറേ നാളുകളായി തിയേറ്റര്‍ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയാണ്. നിലവില്‍ 60 ശതമാനം ലാഭവിഹിതമാണ് നിര്‍മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കുന്നത്. ഇത് പത്ത് ശതമാനം വെട്ടിക്കുറച്ച് 50 ശതമാനമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നാണ് റിലീസിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. വെള്ളിമൂങ്ങ ഫെയിം സംവിധായകന്‍ ജിബു ജേക്കബ് മോഹന്‍ ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയില്‍ ജയസൂര്യയാണ് നായകന്‍.

മികച്ച സിനിമകളുടെ വരവും അവയുടെ വിജയവും മലയാള സിനിമയില്‍ ഉണര്‍വ് ഉണ്ടാക്കിയിരിക്കുന്ന സമയത്താണ് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഇത് മലയാള സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

DONT MISS
Top