പിവി സിന്ധുവിന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ പുരസ്‌കാരം

സിന്ധു പുരസ്കാരം ഏറ്റുവാങ്ങുന്നു

ദുബൈ: റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ പുരസ്‌കാരം. കളിയില്‍ മികച്ച രീതിയില്‍ മാറ്റം കൈവരിച്ച താരത്തിന് നല്‍കുന്ന മോസ്റ്റ് ഇംപ്രൂവ്ഡ് പ്ലെയര്‍ പുരസ്‌കാരമാണ് സിന്ധുവിന് ലഭിച്ചത്. ദുബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ കരോലിന മരിനോട് തോറ്റ സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കഴിഞ്ഞമാസം കരിയറിലെ ആദ്യ ചൈന സൂപ്പര്‍ സീരിസ് കിരീടം നേടിയ സിന്ധു രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരുന്നു.

ഹോങ്‌കോംഗ് ഓപ്പണിന്റെ ഫൈനിലെത്തിയ സിന്ധു തന്റെ കന്നി ലോക സൂപ്പര്‍ സിരീസ് ഫൈനല്‍സിനും യോഗ്യത നേടിയിരുന്നു. ദുബൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌സില്‍ സിന്ധുവിനെ വീഴ്ത്തിയ കരോലിനയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് സിന്ധുവിന്റെ സ്ഥാനം.

ആദ്യ ലോക സൂപ്പര്‍ സിരീസിന്റെ ആവേശത്തിലാണ് താനെന്നും കരോലിനയും സുന്‍ യുവുമടങ്ങുന്ന ഗ്രൂപ്പ് ബി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും സിന്ധു പുരസ്‌കാര വേളയില്‍ പറഞ്ഞു. മലേഷ്യയുടെ ലീ ചോങ് വെയ് ആണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയത്. ജപ്പാന്റെ മിസാകി മറ്റ്‌സുറ്റോമോയും അയാക തക്കാഹ്ഷിയും മികച്ച വനിത താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

DONT MISS
Top