വര്‍ധിച്ച വായുമലിനീകരണം: ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഡോക്ടര്‍മാര്‍

ഡോക്ടര്‍മാരുടെ പ്രതിഷേധം

ലണ്ടന്‍: ഓരോ ദിവസവും വര്‍ധിച്ചുവരുന്ന വായുമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്ത്. നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസം ലണ്ടനിലെ തെരുവിലിറങ്ങി.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘം ലണ്ടന്‍ മേയറായ സാദിഖ് ഖാന് നിവേദനം നല്‍കിയിട്ടുണ്ട്. വായുമലിനീകരണം കാരണം ഓരോ വര്‍ഷവും 9,400 പേരാണ് ലണ്ടനില്‍ മരിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സംഖ്യ കുറയ്ക്കാനും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

നേരത്തേ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ സിറ്റി എന്നീ നഗരങ്ങള്‍ 2025 ആകുമ്പോഴേക്ക് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പാത ലണ്ടന്‍ നഗരവും പിന്തുടരേണ്ടതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം തികച്ചും അപ്രായോഗികമാണെന്നാണ് എതിര്‍വാദം.

ലണ്ടന്‍ നഗരത്തിന്റെ മേയറായ സാദിഖ് ഖാന്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന അഭിപ്രായക്കാരനാണ്. 2018 ആകുമ്പോഴേക്ക് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനോടകം ചില നിയന്ത്രണങ്ങള്‍ മേയര്‍ നടപ്പിലാക്കിയിട്ടുണ്ട്. പഴക്കമേറിയ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഇപ്പോള്‍ നിയന്ത്രണം. ഒരു വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ ഡീസല്‍ ബസുകള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിക്കേണ്ടതിന് സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്. ലണ്ടനില്‍ വൈദ്യുതി ഉപയോഗിച്ചോ ഹൈഡ്രജന്‍ ഉപയോഗിച്ചോ ഓടുന്ന ബസുകള്‍ മാത്രമായിരിക്കും ഭാവിയില്‍ ഉണ്ടാകുക എന്നാണ് മേയര്‍ പറയുന്നത്. ആദ്യ ഹൈഡ്രജന്‍ ബസ് നഗരത്തില്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top