ലീജിയണ്‍ ഗ്രൂപ്പ്; രാജ്യത്തെ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വെല്ലുവിളിക്കാന്‍ ധെെര്യം കാണിച്ച ഹാക്കര്‍ സംഘത്തിന് പിന്നില്‍

ദില്ലി: കഴിഞ്ഞ ഏതാനും ചില ദിവസങ്ങള്‍ക്കുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടത് രാജ്യത്തെ നാല് പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ്. നാലും ഹാക്ക് ചെയ്തത് ലീജിയണ്‍ എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നു ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും അക്കൗണ്ട്  ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ നിന്നും അശ്ലീല ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായി ട്വീറ്റുകള്‍ അയച്ചെങ്കിലും വിവരങ്ങളൊന്നും ചോര്‍ന്നതായി അറിവില്ല.

അടുത്തതായി രാജ്യം വിട്ട ബിസിനസുകാരന്‍ വിജയ് മല്ല്യയുടെ അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും മല്ല്യയുടെ കാറുകള്‍, അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തി ഒരു വെബ് സൈറ്റില്‍ ഇടുകയും വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടെത്താനായി അതിന്റെ ലിങ്ക് മല്ല്യയുടെ ട്വിറ്ററില്‍ ചേർക്കുകയും ചെയ്യുകയും ചെയ്തു. എന്‍ഡി ടിവിയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്തായിരുന്നു അടുത്ത ഇര. അതിന് പിന്നാലെ എന്‍ഡി ടിവിയിലെ റാവിഷ് കുമാറിന്റെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

ഹാക്ക് ചെയ്യപ്പെട്ട മല്ല്യയുടെ ടൈംലൈനില്‍ അവര്‍ മല്ല്യയുടെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു, തങ്ങള്‍ക്കെതിരെ നീങ്ങുന്നവരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുറച്ച് വിവരങ്ങള്‍ മാത്രമായിരുന്നു പുറത്ത് വിട്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ അടുത്ത ഇര ബിസിനസുകാരനും ഐപിഎല്ലിന്റെ ഉപജ്ഞാവുമായ ലളിത് മോദിയാണെന്നും ഹാക്കര്‍മാര്‍ അറിയിച്ചിരുന്നു.

സംഘം പോസ്റ്റു ചെയ്ത ട്വീറ്റുകളെല്ലാം പിന്നീട് ഡിലീറ്റ് ചെയ്യുകയും , അക്കൗണ്ടുകള്‍ പഴയപടിയിലാവുകയും ചെയ്തു. പക്ഷെ രാജ്യത്തിലെ പ്രമുഖരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സുരക്ഷയെ വെല്ലുവിളിക്കാന്‍ മാത്രം ധൈര്യം കാണിച്ച ലീജിയണ്‍ എന്ന ഗ്രൂപ്പ് ആരാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുന്നു.

അവരുടെ ട്വീറ്റുകളിലൊന്നില്‍ sigiant.org എന്ന സൈറ്റിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ലിങ്കില്‍ കയറിയാല്‍ അറിയാന്‍ കഴിയുക ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇ-മെയില്‍ പ്രൊട്ടക്ഷന്‍ ഉറപ്പു വരുത്തുന്ന സൈറ്റിലേക്കാണ് എത്തുക എന്നാണ്. ടോര്‍ ബ്രൗസറില്‍ വര്‍ക്ക് ചെയ്യുന്ന .onion ഡൊമെയ്ന്‍ ഉള്ള വെബ്ബ് സൈറ്റാണ് അത്. ഉപഭോക്താവിന്റെ ഐഡന്റിറ്റിയും ഓണ്‍ലൈന്‍ പ്രവര്‍ത്തികളും രഹസ്യമായി സൂക്ഷിക്കുന്നതാണ് ടോര്‍ വെബ്ബ് ബ്രൗസര്‍. സിഗയന്റ് നെറ്റ് വര്‍ക്കുമായി ലീജിയണ് നേരിട്ട് ബന്ധമുണ്ടോ എന്ന് കൃത്യമായി അറിയില്ലെങ്കിലും ആളുകളുടെ ഐഡന്റിറ്റിയുമായി കളിക്കുന്നതില്‍ വിദഗ്ധരാണ് ഇവരെന്ന് നിസംശയം പറയാം.

ലീജിയണ്‍ ഗ്രൂപ്പിനെ പിന്തുടര്‍ന്നാല്‍ എത്തിച്ചേരുക ദ ലീജിയണ്‍ ഓഫ് ഡൂം എന്ന ഹാക്കര്‍മാരുടെ സംഘത്തിലേക്കായിരിക്കും. 1980 കളില്‍ ആരംഭിക്കുകയും 90 കളിലും 2000 ലും അമേരിക്കയില്‍ വളര്‍ന്നു വന്ന സംഘമാണിത്. ഇപ്പോള്‍ ഇവര്‍ അത്ര സജീവമല്ല. ഇന്ത്യ മുഴുവനും പരന്നു കിടക്കുന്ന ലീജിയണ് ഇവരുമായി നേരിട്ട് ബന്ധമുണ്ടാകാനുള്ള സാധ്യത കുറവാണ്. ലീജിയണ്‍ ഓഫ് ഡൂമിന്റെ ആരാധകരോ അവരെ മാതൃകയാക്കിയവരോ ആകാം ലീജീയണ്‍ ഗ്രൂപ്പ്.

ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ഉടനെ തന്നെ നടപടിയെടുക്കാനായി പൊലീസിനോടും കോടതിയോടും ആവശ്യപ്പെടുകയാണ് എന്‍ഡി ടിവി ചെയ്തത്. എന്നാല്‍ ബര്‍ക്കയോ റാവിഷ് കുമാറോ സംഭവത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. വളരെ ശാന്തമായാണ് ഹാക്കിംഗിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എന്നെ വെറുക്കുന്ന എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് നിങ്ങളെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു . നിങ്ങള്‍ അത് കാണാതെ പോകുന്നത് നിങ്ങളുടെ ഉള്ളിലെ വെറുപ്പ് മൂലമാണ്, എന്നായിരുന്നു രാഹുലിന്റെ മറുപടി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും തന്നെ വെല്ലുവിളിക്കുകയും ചെയ്തവരെ പരിഹസിച്ചാണ് വിജയ് മല്ല്യ സംഭവത്തോട് പ്രതികരിച്ചത്.

DONT MISS
Top