സംഘാടകരും ചലച്ചിത്രകാരന്മാരും ഡെലിഗേറ്റുകളോട് പറയുന്നു, ഈ സിനിമ മിസ്സാക്കരുതെന്ന്

ഐ ഡാനിയേല്‍ ബ്ലേക്കിലെ ഒരു രംഗം

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് ചലച്ചിത്രോത്സവത്തിന്റെ സംഘാടകരും ,മേളയെക്കെത്തിയ ചലച്ചിത്ര പ്രവര്‍ത്തകരുമെല്ലാം ഒരൊറ്റ അഭിപ്രായത്തോടെയാണ് ഒരു സിനിമയെക്കുറിച്ച് പറയുന്നത്. ആ സിനിമ കാണാതം പോകരുതെന്ന് അഭിപ്രായപ്പെടാന്‍ ഗോവയില്‍ ചലച്ചിത്രോത്സവത്തിന് പോയവരെല്ലാവരുമുണ്ട്. ലോകമിന്ന് ചര്‍ച്ച ചെയ്യുന്ന ആ സിനിമ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നു. കെന്‍ ലോച്ചിന്റെ ഐ ഡാനിയല്‍ ബ്ലേക്ക് എന്ന സിനിമ ഇന്ന് നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്കാണ് പ്രദര്‍ശിപ്പിക്കുന്നത്. റീസര്‍വേഷന്‍ സീറ്റുകള്‍ അവസാനിച്ചെങ്കിലും, വലിയ തീയറ്ററായതിനാല്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയില്‍ വരി നില്‍കക്കുന്നവരും കുറവല്ല. ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തിലെ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ഐ ഡാനിയേല്‍ ബ്ലേക്ക്.

വിഖ്യാത ഇംഗ്ലീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ റിട്രോസ്‌പെക്ടീവ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലൂടെയാണ് രണ്ടുവട്ടം പാംഡി ഓര്‍ പുരസ്‌കാരം നേടുന്ന ഒന്‍പതാമത് ചലച്ചിത്രകാരനായി കെന്‍ ലോച്ച് മാറിയത്. കെന്‍ലോച്ചിന്റെ മറ്റുസിനിമകളെ പോലെ തീക്ഷ്ണമായ രാഷ്ട്രീയം തന്നെയാണ് ഈ സിനിമയിലെയും പശ്ചാത്തലം. ആര്‍ഭാടംകൊണ്ട് പൊതിഞ്ഞുവെക്കപ്പെട്ട ബ്രിട്ടനിലെ ദാരിദ്രം ഫ്രെയിമുകളിലാക്കി ലോകത്തെ ഞെട്ടിച്ച പുരോഗമനവാദിയായ കലാകാരനാണ് കെന്‍ ലോച്ച്. ചിത്രം ഗോവന്‍ മേളയിലും മികച്ച പ്രേക്ഷകശ്രദ്ധയാണ് കരസ്ഥമാക്കിയത്.

ബ്രിട്ടനിലെ ജീവിതസാഹചര്യങ്ങളും തൊഴിലാളിവിരുദ്ധമായ നയങ്ങളുമാണ് ഈ സിനിമയുടെയും പശ്ചാത്തലം. പുറമേക്ക് പ്രകടിപ്പിക്കുന്നതിപ്പുറം എത്രമാത്രം ദുരിതം തിന്നാണ് വികസിത രാജ്യങ്ങളിലെ സാധാരണക്കാരും പാവങ്ങളും ജീവിക്കുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു ചിത്രത്തിലൂടെ കിന്‍ ലോച്ച്. ലോകത്തെ വിവിധ ചലച്ചിത്രോത്സവങ്ങളില്‍ നിന്നായി പുരസ്‌കാരങ്ങളാകെ വാരിക്കൂട്ടിയ സിനിമയ്ക്ക്, റോട്ടന്‍ ടൊമാറ്റോസ് നല്‍കിയത് 92ശതമാനം പോയിന്റാണ്.

ഇനിയും ചലച്ചിത്രോത്സവത്തില്‍ രണ്ട് പ്രദര്‍ശനം കൂടിയുണ്ടെങ്കിലും ആദ്യ പ്രദര്‍ശനത്തിലേ സീറ്റൊപ്പിക്കാനുള്ള ഓട്ടത്തിലാണ് ഡെലിഗേറ്റുകളിപ്പോള്‍

DONT MISS
Top