ആകര്‍ഷകമായ കഥാപാത്രങ്ങളുണ്ടെങ്കില്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും; അമോല്‍ പലേക്കര്‍ സംസാരിക്കുന്നു

അമോല്‍ പലേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

തിരുവനന്തപുരം: തന്റെയുള്ളിലെ പൂമ്പാറ്റയെ ഉദ്ദീപിപ്പിക്കുന്ന കഥാപാത്രങ്ങളുണ്ടെങ്കില്‍ മലയാളത്തിലേക്ക് വീണ്ടും അഭിനയിക്കാനെത്തുമെന്ന് വിഖ്യാത സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ പറഞ്ഞു. ഓളങ്ങള്‍ എന്ന സിനിമയുടെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. സിനിമയില്‍ പൂര്‍ണിമാ ജയറാമും അംബികയുമായും ബാലുമഹീന്ദ്രയുമായും തുടങ്ങിയ ബന്ധം ഇന്നും മലയാളവുമായി തനിക്കുണ്ടെന്നും അമോല്‍ പലേക്കര്‍ പറഞ്ഞു. ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുദാസിന്റെ പാട്ടുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെയും ഇളയരാജയുടെ സംഗീതസംവിധാനത്തെക്കുറിച്ചും അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചു.

മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ ആക്രമിക്കുന്ന കാലമായി ഇക്കാലം മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസഹിഷ്ണുത മാത്രമല്ല, അരാജകത്വവും അക്ഷമയുമെല്ലാം രാജ്യത്ത് വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ അസഹിഷ്ണുതാ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. സിനിമയെന്നാല്‍ വിനോദ ഉപാധി മാത്രമാണെന്നാണ് കച്ചവടസിനിമാ വക്താക്കള്‍ അവകാശപ്പെടുന്നത്. നൂറ് കോടി ക്ലബില്‍ മാത്രമാണ് ഇവരുടെ നോട്ടം. കളക്ഷനെന്നത് സിനിമയുടെ വിജയത്തില്‍ ഒരു ഭാഗം മാത്രമാണെന്നും അമോല്‍ പലേക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികമെന്ന പേരില്‍ നാമാഘോഷിച്ചത് ഷോലെ പോലെയുള്ള സിനിമകളുടെ വാര്‍ഷികം മാത്രമാണ്. എന്തുകൊണ്ട് ചെമ്മീനോ അടൂരിന്റെ സിനിമകളോ ആ ആഘോഷത്തിന്റെ ഭാഗമായി കണക്കാക്കിയില്ലെന്നും പലേക്കര്‍ ചോദിച്ചു.

തിരുവനന്തപുരത്ത് വരാന്‍ എന്നും സന്തോഷമേയുള്ളൂവെന്നും അമോല്‍ പലേക്കര്‍ പറഞ്ഞു. സിനിമാസ്വാദകരെന്നതിനപ്പുറമുള്ള നിലവാരമാണ് മലയാളികള്‍ കാട്ടുന്നത്. തന്റെ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എനന്ും തനിക്ക് വലിയ സന്തോഷമാണ്. സൈറയെന്ന തന്റെ സിനിമ ഐഎഫ്എഫ്‌ഐ മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. അന്ന് സമാന്തരമായി ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിരുവനന്തപുരത്തെ പ്രേക്ഷകര്‍ തയ്യാറായി. അന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം കൈകാര്യം ചെയ്തതിനാലാണ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് സിനിമ പുറത്താക്കിയത്. ഇന്നിതാ ജെന്‍ഡര്‍ ബെന്‍ഡറെന്ന പേരില്‍ ഒരു വിഭാഗം തന്നെ തിരുവനന്തപുരത്ത് നടക്കുന്ന കേരളാ അന്താരാഷ്ട്ര മേളയില്‍ ഒരുങ്ങിയിരിക്കുന്നു. ഇത് അഭിമാനകരമാണെന്നും അമോല്‍ പലേക്കര്‍ പറഞ്ഞു.

സൈറയ്ക്ക് ലോകമാകെയുള്ള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പക്ഷെ തിരുവനന്തപുരം നല്‍കിയ സ്‌നേഹമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ സിനിമയിലെ നായകന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു, ഇത് ലോകത്ത് ആദ്യത്തെ സംഭവമാണ്. തന്റെ ചലച്ചിത്രാനുഭവത്തെക്കുറിച്ചും പ്രേക്ഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയാണ് അമോല്‍ പലേക്കര്‍ മടങ്ങിയത്. ഓളങ്ങളിലെ തുമ്പീ വാ തുമ്പക്കുടത്തില്‍ എന്ന ഗാനത്തെക്കുറിച്ചുള്‍പ്പെടെയാണ് മീറ്റ് ദി പ്രസില്‍ ചോദ്യങ്ങളുയര്‍ന്നത്

DONT MISS
Top