കനത്ത മഴ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ നാവികസേന രക്ഷപെടുത്തി

ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തുന്നു

പോര്‍ട്ട് ബ്ലെയര്‍: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യന്‍ നാവികസേന രക്ഷപെടുത്തി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആന്‍ഡമാനിലെ നെയില്‍, ഹാവ്‌ലോക്ക് ദ്വീപുകളില്‍ കുടുങ്ങിയ 2376 വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തിയതായി ഡയറക്ടറേറ്റ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


നാവിക സേനയുടെ ആറ് കപ്പലുകള്‍, തീരസംരക്ഷണസേനയുടെ മൂന്ന് കപ്പലുകള്‍, ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സര്‍വീസസിന്റെ കപ്പലുകള്‍, വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ നാല് സ്‌പെയിന്‍കാര്‍, ജര്‍മ്മനി, ഇറ്റലി, ലാത്‌വിയ എന്നീ രാജ്യങ്ങളിലെ രണ്ടു പൗരന്മാരും, ഇസ്രായേല്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരും ഉള്‍പ്പെടുന്നു.

ടൂറിസ്റ്റുകളെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതായി ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആന്‍ഡമാനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടത്. തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഡയറക്ടറേറ്റ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളെ പോര്‍ട്ട് ബ്ലെയറിലെത്തിച്ചു.

പോര്‍ട്ട് ബ്ലെയറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹാവ്‌ലോക്ക്, നെയ്ല്‍ ദ്വീപുകളില്‍ വിനോദസഞ്ചാരത്തിനെത്തിയ ടൂറിസ്റ്റുകളാണ് കുടുങ്ങിയത്. ആന്‍ഡമാനിലെ പ്രധാന രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണു ഹാവ്‌ലോക്കും നെയ്‌ലും. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണു കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും കാരണമായത്. കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും, ടെലഫോണ്‍ ബന്ധം തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

DONT MISS
Top