വിവാഹ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് നടി സാമന്ത

സാമന്ത

നാഗചൈതന്യയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നുവെന്ന് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. വിവാഹത്തിന് ഇനിയും ഒരു വര്‍ഷം ബാക്കിനില്‍ക്കെ തന്നെ പലരും സിനിമയുമായി സഹകരിക്കാന് അനുവദിക്കുന്നില്ലെന്നും ഒഴിവാക്കുകയാണെന്നും സാമന്ത ആരോപിച്ചു.

തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ വിവാഹത്തിന് ഇനിയും ഒരു വര്‍ഷത്തോളം സമയമുണ്ടെങ്കിലും ഇപ്പോഴേ പലരും തന്നെ നായികയായി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് സാമന്ത പരാതിപ്പെടുന്നത്. താന്‍ പഴയ അതേ നടിയാണെന്നും വിവാഹം പ്രഖ്യാപിച്ചതു കൊണ്ട് എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളതെന്നും താരം ചോദിക്കുന്നു. തമിഴിലെ തന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ 24-ഉം തെലുങ്കിലെ അവസാന ചിത്രമായ ജനതാ ഗാരേജും വന്‍ വിജയമായിരുന്നുവെന്നും സാമന്ത ചൂണ്ടിക്കാട്ടി.

നാഗാര്‍ജ്ജുജനയുടെ മരുമകളാകുന്നുവെന്നതിനാല്‍ പല നിര്‍മ്മാതാക്കളും തന്നെ നായികയാക്കാന്‍ മടിക്കുന്നുണ്ട്. എന്നാല്‍ തന്റെ കരിയറിന് ഏറ്റവുമധികം പിന്തുണ നല്‍കുന്നയാളാണ് അദ്ദേഹം. മികച്ച അവസരങ്ങള്‍ താന്‍ പാഴാക്കില്ലെന്ന് നാഗചൈതന്യ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമന്ത പറഞ്ഞു. കരിയറിനെ കുറിച്ച് ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടെങ്കിലും കുടുംബജീവിതത്തെക്കുറിച്ച് നിറഞ്ഞ പ്രതീക്ഷയും ഉറപ്പുമുണ്ടെന്നും താരം വ്യക്തമാക്കി. തെന്നിന്ത്യന്‍ സുന്ദരിമാരില്‍ മുന്‍പന്തിയിലുള്ള സാമന്ത തിരക്കുകള്‍ക്കിടയിലായിരുന്നു നാഗ ചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചത്.

DONT MISS
Top