അസാധുവാക്കിയത് 14 ലക്ഷം കോടി; പകരം വിതരണം ചെയ്തത് 4.27 ലക്ഷം കോടി നോട്ടുകളെന്ന് ആര്‍ബിഐ

ഫയല്‍ ചിത്രം

ദില്ലി: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നവംബര്‍ എട്ടിന് ശേഷം രാജ്യത്ത് പുറത്തിറക്കിയത് 4.27 ലക്ഷം കോടി രൂപയുടെ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക്. ബാങ്കുകളും എടിഎമ്മുകളും വഴി വിതരണം ചെയ്ത നോട്ടുകളുടെ കണക്കാണിത്. 500, 1000 രൂപാ നോട്ടുകള്‍ക്കാണ് കഴിഞ്ഞ മാസം എട്ടുമുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

“നവംബര്‍ പത്തിനും ഡിസംബര്‍ ആറിനും ഇടയ്ക്ക് ബാങ്കുകളും എടിഎമ്മുകളും വഴി ജനങ്ങള്‍ക്കായി 4,27,684 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്”. പ്രസ്താവനയിലൂടെ ആര്‍ബിഐ വ്യക്തമാക്കി.

മഹാത്മാ ഗാന്ധി സീരീസിലുള്ള പുതിയ 500 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോട് കൂടിയതാകും ഇന്‍സെറ്റ് ലെറ്റര്‍ ഇല്ലാത്ത ഈ നോട്ടുകള്‍.

നോട്ട് നിരോധനത്തിലൂടെ ഏതാണ്ട് 14 ലക്ഷം കോടിരൂപയാണ് രാജ്യത്ത് അസാധുവായത്. ഇതിന് പകരമാണ് ഇതുവരെയായി 4.27 ലക്ഷം കോടി വിതരണം ചെയ്തിരിക്കുന്നത്. രാജ്യത്തെ പണക്ഷാമം എത്രത്തോളം ഉണ്ട് എന്നത് ഈ കണക്കുകളില്‍ നിന്നും വ്യക്തമാകും. പണത്തിനായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള ജനങ്ങളുടെ നില്‍പ് ഇന്നും തുടരുകയാണ്.

നോട്ട് ക്ഷാമം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും 4.27 ലക്ഷം കോടി രൂപ മാത്രമാണ് അച്ചടിക്കാന്‍ സാധിച്ചിരിക്കുന്നത്. പണം പിന്‍വലിക്കുന്നതിനും മറ്റും ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അസാധുവാക്കിയ നോട്ടുകളുടെ സമാന മൂല്യത്തിലുള്ള തുകയക്കായി ഇനിയും 10 ലക്ഷം കോടി കൂടി അച്ചടിക്കേണ്ടതുണ്ട്. അതിനാല്‍ ജനദുരിതം ഇനിയും മാസങ്ങള്‍ നീണ്ടുനില്‍ക്കാനാണ് സാധ്യത.

അസാധുവാക്കിയ നോട്ടുകളില്‍ 11.85 ലക്ഷം കോടി രൂപ തിരികെ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്നാണ് ആര്‍ബിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

DONT MISS
Top