“ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു, ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണം”: പ്രധാനമന്ത്രിയോട് നടി ഗൗതമി

ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

“മുന്‍മുഖ്യമന്ത്രിയുടെ ആശുപത്രിപ്രവേശം, ചികിത്സ, സുഖംപ്രാപിക്കല്‍, പെട്ടെന്നുള്ള മരണം എന്നിവയെ സംബന്ധിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ കാണാന്‍ ആശുപത്രിയിലെത്തിയെങ്കിലും സന്ദര്‍ശനം അനുവദിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും സ്‌നേഹനിധിയുമായ ജയലളിതയെ പോലൊരു നേതാവിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഇത്ര രഹസ്യസ്വഭാവം കാത്തു സൂക്ഷിച്ചത്. ജയലളിതയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത് ഏത് അധികാരകേന്ദ്രമാണ്”. തന്റെ ബ്ലോഗില്‍ എഴുതിയ കത്തിലൂടെ ഗൗതമി ചോദിക്കുന്നു.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കേണ്ട ബാധ്യത ആര്‍ക്കാണെന്ന് ചോദിക്കുന്ന ഗൗതമി ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ തമിഴ് ജനതയുടെ മനസില്‍ ഉണ്ടെന്നും അവര്‍ക്കായി താന്‍ ചോദിക്കുകയാണെന്നും പറയുന്നു. “ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിനിധികളുടെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. ജനങ്ങളുടെ സ്‌നേഹനിധിയായ നേതാവിന്റെ ആരോഗ്യത്തെ കുറിച്ചും മറ്റും ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്. അതിനാല്‍ ഇത്തരം ദുരന്തങ്ങളുടെ കാരണങ്ങള്‍ ഏത് സാഹചര്യത്തിലായാലും ചോദ്യംചെയ്യപ്പെടാതെ പോവുകയോ ഉത്തരം ലഭിക്കാതെ പോവുകയോ അരുത്”. ഗൗതമി ആവശ്യപ്പെടുന്നു.

തന്റെ ആശങ്കകള്‍ മനസിലാക്കി സംഭവത്തില്‍ ഇടപെടുമെന്ന പൂര്‍ണവിശ്വാസത്തിലാണ് പ്രധാനമന്ത്രിക്ക് ഈ കത്ത് എഴുതുന്നതെന്നും ഗൗതമി അഭിപ്രായപ്പെട്ടു.

ഗൗതമിയുടെ ബ്ലോഗിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

DONT MISS
Top