ബേവാച്ച് ട്രെയിലര്‍ പുറത്തിറങ്ങി; പ്രിയങ്കയുടെ ആരാധകര്‍ക്ക് നിരാശ

ചിത്രത്തില്‍ നിന്ന്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരസുന്ദരി പ്രിയങ്കാ ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഡ്വയന്‍ ജോണ്‍സനാണ് നായകന്‍. അതേസമയം ട്രെയിലറില്‍ ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഒരു സീനില്‍ മാത്രമാണ് പ്രിയങ്കയുടെ സാന്നിധ്യം. ഇതേത്തുടര്‍ന്ന് പുറത്തിറങ്ങിയ ട്രെയിലറിന് വലിയ രീതിയില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

ക്വാന്‍ഡിക്കോ ടെലിവിഷന്‍ സീരീസിലൂടെ അമേരിക്കന്‍ ടിവി പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറിയ പ്രിയങ്കയുടെ ആദ്യചിത്രത്തിന്റെ ട്രെയിലറില്‍ താരത്തിന് അല്‍പം പോലും പ്രാധാന്യം നല്‍കാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു. മുന്‍പ് ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സിലും ഇതേപോലെ താരത്തിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രം അതേ പേരില്‍ അമേരിക്കയില്‍ പ്രശസ്തമായ സീരിയലുകളിലൊന്നാണ്. സേത് ഗോഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയന്‍ ജോണ്‍സന്‍, ഡാനി ഗാര്‍ഷ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാന്‍ഡിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്. ചിത്രത്തില്‍ താനൊരു സൂപ്പര്‍ കൂള്‍ വില്ലത്തിയുടെ വേഷത്തിലാണ് എത്തുന്നതെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. പാരമൗണ്ട് പിക്ചേഴ്സ് റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം മെയിലാണ് തീയറ്ററുകളിലെത്തുന്നത്.

DONT MISS
Top