ഇന്തോനേഷ്യയിലെ ഭൂചലനം; മരണ സംഖ്യ 97 ആയി ഉയര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 97 ആയി ഉയര്‍ന്നു. ഇന്തോനേഷ്യയിലെ പിഡ്ഡീ ജയ ജില്ലയിലെ അക്കെ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ഉണ്ടായത്. ഭൂചലനത്തില്‍ നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും ഇടയില്‍ ഇനിയും ഒട്ടേറെ പേര്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സൈന്യം അറിയിച്ചു.

ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനായി വലിയ സംവിധാനങ്ങള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി ആളുകളെ അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകള്‍ കെട്ടിവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നും ദുരന്തനിവാരണ സേന വക്താക്കള്‍ വ്യക്തമാക്കിയിരുന്നു.

അക്കെ മേഖലയിലെ ആശുപത്രികളിലെല്ലാം ഭൂചലനത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

DONT MISS
Top