ഷാരൂഖ് ഇനി ബാഡ് ബോയി; അധോലോക നായകനായി കിംഗ് ഖാന്‍, റയീസ് ട്രെയിലര്‍

ചിത്രത്തില്‍ നിന്ന്

മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന റയീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക് ഹീറോ ഇമേജില്‍ നിന്നുമുള്ള ഷാരൂഖിന്റെ ചുവടുമാറ്റമായിരിക്കും റയ്‌സ്. കുപ്രസിദ്ധ മദ്യമാഫിയാ സംഘത്തലവനായിരുന്ന അബ്ദുള്‍ ലത്തീഫിന്റെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് ചിത്രം. രാഹുല്‍ ദൊലാക്കിയ ആണ് സംവിധായകന്‍.

മിയാന്‍ ഭായ് എന്ന മദ്യക്കച്ചവടക്കാരനായാണ് ചിത്രത്തില്‍ കിംഗ് ഖാന്‍ എത്തുന്നത്. റയീസ് എന്ന് എല്ലാവരാലും വിളിക്കപ്പെടാനഗ്രഹിക്കുന്ന മിയാന്‍ ഭായ് ആയുള്ള ഷാരൂഖിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ട്രെയിലറിന്റെ പ്രത്യകത. ഒരേസമയം ശാന്തനും ക്രൂരനുമായ അധോലോക നായകനായി ഷാരൂഖ് കയ്യടി നേടുന്നു. എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റയീസ് എന്ന ഷാരൂഖ് കഥാപാത്രത്തെ വിടാതെ പിന്തുടരുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ നവാസ്സുദ്ദീന്‍ സിദ്ദീഖി എത്തുന്നത്. പാക് സുന്ദരി മാഹിറ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ജനുവരി 25-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഗുജറാത്തിലെ അനധികൃത മദ്യക്കച്ചവട മാഫിയകളുടെ ഉള്‍ക്കളികള്‍ പുറത്ത് കൊണ്ടു വരുന്നതായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ആലിയാ ഭട്ടിനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ഡിയര്‍ സിന്ദഗിയായിരുന്നു ഷാരൂഖിന്റെ അവസാന ചിത്രം. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ക്ലീഷെ കഥാപാത്രങ്ങളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും ആക്ഷന്‍ ചിത്രങ്ങളും അഭിനയ സാധ്യതയുള്ള ചിത്രങ്ങളുമാണ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top