ചെന്നൈ ടെസ്റ്റ് നടക്കുമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ

ചെന്നൈ: മുന്‍നിശ്ചയിച്ച പ്രകാരം, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 16 മുതല്‍ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈ ടെസ്റ്റ് അനിശ്ചിതത്വം ഉടലെടുത്തിരുന്നു.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദു:ഖാചരണം ഡിസംബര്‍ 12 ന് അവസാനിക്കുമെന്നും ഡിസംബര്‍ 16 മുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കാനിരിക്കുന്നതെന്നും ടിഎന്‍സിഎ സെക്രട്ടറി കാശി വിശ്വനാഥന്‍ പറഞ്ഞു. അതിനാല്‍ ചെന്നൈ ടെസ്റ്റ് നടക്കുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്ന് കാശി വിശ്വനാഥന്‍ വ്യകതമാക്കി. എന്നാല്‍, ഡിസംബര്‍ 7 മുതല്‍ ഡിംടിഗലില്‍ വെച്ച് നടത്താനിരുന്ന ഒറീസ ജാര്‍ഖണ്ഡ് രഞ്ജി മത്സരവും അണ്ടര്‍ 19 മത്സരവും മാറ്റി വെച്ചതായി അദ്ദേഹം അറിയിച്ചു.

നേരത്തെ, മുന്‍നിശ്ചയിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം, നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ ഇന്ന് വ്യക്തമാക്കിയിരുന്നു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരം, ജയലളിതയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുമോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനുമായും, പ്രാദേശിക നേതൃത്വവുമായും തങ്ങള്‍ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. തമിഴ്‌നാടിന്റെ വികാരം തങ്ങള്‍ മനസിലാക്കുന്നൂവെന്നും ഉചിതമായ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ബിസിസിഐ സൂചിപ്പിച്ചു.

DONT MISS
Top