അനധികൃത നിര്‍മാണങ്ങള്‍ പിഴവാങ്ങി നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

തിരുവനന്തപുരം: അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വന്‍കിട കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. പിഴ ഈടാക്കിയുള്ള സാധൂകരണം തെറ്റായ നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്. നിയമലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച 1,500 ചതുരശ്ര അടിക്ക് മുകളിലുള്ള നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടികള്‍ തദ്ദേശ ഭരണ വകുപ്പില്‍ നടക്കുകയാണ്. വകുപ്പ് മന്ത്രി കെടി ജലീല്‍ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കെട്ടിടത്തിന്റെ വലുപ്പത്തിനും നിയമലംഘനത്തിന്റെ തോതിനും അനുസരിച്ചായിരിക്കും പിഴ ഈടാക്കുകയെന്ന് മന്ത്രി പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് വിഎസ് വ്യക്തമാക്കി. അതിനാല്‍ ഈ സര്‍ക്കാരിന്റെ നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവനയിലൂടെ വിഎസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാര്‍ വിവിധ അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയാണ് വിഎസ്.

DONT MISS
Top