സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ബില്ലയിലെ നായികയാകാന്‍ കഴിയില്ലെന്ന് ജയലളിത പറഞ്ഞതിന് പിന്നിലെന്തായിരുന്നു? കാരണം വെളിപ്പെടുത്തി ജയലളിത അയച്ച കത്ത്

rajni

മുംബൈ: തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ് രജനികാന്ത്. സ്റ്റൈല്‍ മന്നനൊപ്പം നായികയായി അഭിനയിക്കുക എന്നത് ഏതൊരു നായികയും ആഗ്രഹിക്കുന്നതാണ്. അതും ബില്ല പോലൊരു വന്‍ ചിത്രത്തിലാണെങ്കിലോ. എന്നാല്‍ രജനികാന്തിന്റെ നായികയായി തമിഴ് സിനിമയിലേക്ക് തിരിച്ച് വരാനുള്ള അവസരം ലഭിച്ചിട്ടും ഒട്ടും ശങ്കിക്കാതെ അത് നിരസിച്ചതാണ് ജയലളിത. 80 കളിലെ പ്രശസ്ത സിനിമ വിതരണ കമ്പനിയായ കാസ് ബാത്തിന് ജയലളിത അയച്ച കത്തിലാണ് രജനിയുടെ നായികയായി ബില്ലയില്‍ അഭിനയിക്കാനുള്ള അവസരം ജയലളിത നിരസിച്ചതിനെക്കുറിച്ച് പറയുന്നത്.

ജയലളിത രാഷ്ട്രീയത്തിലേക്ക് കടന്ന 1982 ന് മുമ്പ് എഴുതിയതാണ് കത്ത്. ജയലളിതയ്ക്ക് തിരിച്ച് വരവിനുള്ള അവസരങ്ങള്‍ ഒരുക്കാനും പുതിയ സിനിമയിലേക്ക് നായികയായി ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. എന്നാല്‍ താന്‍ സിനിമാജീവിതം അവസാനിപ്പിച്ചെന്നും ഇനി തിരികെ വരില്ലെന്നും ജയലളിത കത്തില്‍ വ്യക്താക്കുന്നുണ്ട്. അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച ജയലളിത പിന്നെയാണ് രജനികാന്തിന്റെ ബില്ലയിലെ നായികായാകാനുള്ള അവസരം താന്‍ നിരസിച്ചതിനെക്കുറിച്ച് പറയുന്നത്.

ജയലളിത എഴുതിയ കത്ത്

ജയലളിത എഴുതിയ കത്ത്

എന്നെ തേടി വന്ന ഒരുപാട് അവസരങ്ങള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. ബാലാജിയുടെ രജനികാന്ത് ചിത്രമായ ബില്ലയിലെ നായികയാകാന്‍ എന്നെ സമീപിച്ചിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് ശ്രീപ്രിയ ചിത്രത്തിലെ നായികയാകുന്നത്. എല്ലാവര്‍ക്കുമറിയാം ബാലാജി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. രജനി തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ്. ഇത്രയും വലിയ അവസരം വേണ്ടായെന്ന് വെക്കാമെങ്കില്‍ ഒരു തിരിച്ച് വരവിന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണല്ലോ. ജയലളിതയുടെ കത്തിലെ വാക്കുകളാണിത്.

തനിക്ക് ആവശ്യമായ പണം തന്റെ കൈവശമുണ്ടെന്നും അത് കൊണ്ട് റാണിയെപ്പോലെ താന്‍ ജീവിക്കുമെന്നും ജയലളിത കത്തില്‍ കുറിക്കുന്നു. മൂന്ന് പതിറ്റാണ്ടോളം തമിഴ് വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന ജയലളിത അതിനകം 140 ല്‍ അധികം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സിനിമാ ജീവിതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജയലളിത ആറ് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി.

DONT MISS
Top