ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ കമല്‍ഹാസന് ട്വിറ്ററില്‍ ആക്രമണം

kamalhassan

ചെന്നൈ: തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ വെച്ച് മരിച്ചത്. അമ്മയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ തമിഴകത്തിന്റെ ആകാശത്ത് ആശങ്കയുടേയും ദുഖത്തിന്റെയും കാര്‍മേഘം ഉരുണ്ടുകൂടി. നിര്‍ജിലീകരണവും പനിയും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാതോടെയാണ് ജയലളിതയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും അവര്‍ ദേഹവിയോഗം ചെയ്യുകയും ചെയ്തത്.

തുടര്‍ന്ന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാ മേഖലകളില്‍ നിന്നും ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചലച്ചിത്ര താരം കമല്‍ഹാസനും അമ്മയ്ക്ക് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. എന്നാല്‍ കമല്‍ഹാസന്റെ ട്വീറ്റിന് വ്യാപക ആക്രമണമാണ് ട്വിറ്ററില്‍ നേരിടേണ്ടി വരുന്നത്. ജയലളിതയെ ആശ്രയിച്ച് ജീവിച്ചവരോട് തന്റെ അനുകമ്പ രേഖപ്പെടുത്തുന്നു എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. ജയലളിതയേയും ആരാധകരേയും പരിഹസിക്കാനാണ് ഇത്തരത്തിലൊരു കുറിപ്പ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തതെന്നാണ് അമ്മ ആരാധകരുടെ പക്ഷം.

മാന്യത ഇല്ലാത്ത ഈ ട്വീറ്റ് ഇടുന്നതിന് പകരം മിണ്ടാതിരുന്നാല്‍ മതിയായിരുന്നുവെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. ചുരുങ്ങിയ വാക്കുകളിലുള്ള കമല്‍ഹാസന്റെ ട്വീറ്റിനെ പരിഹാസമായാണ് അമ്മ ആരാധകര്‍ നോക്കിക്കണ്ടത്. കമല്‍ഹാസന്റെ ആരാധകനാണെന്ന് പറയുന്നതില്‍ നാണം തോന്നുന്നതായും മറുപടി ട്വീറ്റുകള്‍ വന്നു.

മുമ്പ് കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കമല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്റെ സര്‍വ്വസമ്പാദ്യവും വിശ്വരൂപത്തിന്റെ നിര്‍മാണത്തിനായി മുടക്കിയെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നെങ്കിലും ഇതിനെതിരെ അമ്മ രംഗത്ത് വന്നു. അറുപതിനോടടുത്തെത്തിയ പക്വമതിയായ ചലച്ചിത്ര പ്രവര്‍ത്തകനാണ് കമല്‍. അങ്ങനെ ഒരാള്‍ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മാത്രമേ മുന്നോട്ടു പോകാന്‍ പാടുള്ളൂ. ഇനി കമല്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് അതിനുത്തരവാദിയാവുകയെന്നും ജയലളിത അന്ന് ചോദ്യം ചെയ്തു. ഇത് മനസില്‍വെച്ചാണ് കമല്‍ഹാസന്റെ ട്വീറ്റെന്നാണ് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനം.

DONT MISS
Top