ഗുരുവായൂരപ്പനെ ആരാധിച്ച അമ്മ; സ്വര്‍ണ്ണ കിരീടവും കുട്ടിയാനയേയും ഇഷ്ടദേവന് സമര്‍പ്പിച്ചു

jaya6

തൃശ്ശൂര്‍: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂരപ്പന്റെ കടുത്ത വിശ്വാസിയായിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ജയലളിത ഗുരുവായൂരപ്പനെ കാണാനെത്തി. തമിഴ്‌നാട് വിറങ്ങലിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലായിരുന്നു ജയലളിത ആദ്യമായി ഗുരുവായൂരിലെത്തുന്നത്. 1996 മുതല്‍ അഞ്ച് വര്‍ഷത്തെ കരുണാനിധി ഭരണത്തില്‍ കേസുകളും അറസ്റ്റുകളുമൊക്കെയായി ജയലളിത നിരന്തരം വേട്ടയാടപ്പെട്ടിരുന്നു.

ഗുരുവായുരില്‍ നടക്കിരുത്തിയ കൃഷ്ണ എന്ന കുട്ടിയാനക്കൊപ്പം

ഗുരുവായുരില്‍ നടക്കിരുത്തിയ കൃഷ്ണ എന്ന കുട്ടിയാനക്കൊപ്പം

2001 മെയ് 14ന് തമിഴ്‌നാടിന്റെ അധികാരം ജയലളിതയുടെ കൈകളിലേക്കെത്തിയപ്പോള്‍ അധികാരത്തിലിരിക്കേ കരുണാനാധി തന്നോട് ചെയ്തതൊന്നും മറക്കാന്‍ ജയലളിത തയ്യാറായിരുന്നില്ല. ജയലളിത അധികാരത്തിലേറി ഒന്നരമാസത്തിനകം കരുണാനിധിയെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആരുമധികം മറന്നുകാണാനിടയില്ല. ആ വിവാദക്കാറ്റ് ചെന്തമിഴകത്തെ പൊള്ളിക്കുന്ന ഘട്ടത്തിലായിരുന്നു ജയലളിത ഗുരുവായൂരമ്പലത്തിലെത്തിയത്.

jaya1

ജൂലൈ രണ്ടിന് തോഴി ശശികലയോടൊത്തായിരുന്നു സന്ദര്‍ശനം. 300 ഗ്രാമിന്റെ സ്വര്‍ണ്ണകിരീടം ഗുരുവായൂരമ്പലത്തില്‍ സമര്‍പ്പിച്ച അവര്‍ കൃഷ്ണ എന്ന കുട്ടിയാനയെ നടയിരുത്തുകയും ചെയ്തു. ആനക്കൊട്ടിലിലെത്തുന്ന തമിഴ്‌സംഘങ്ങള്‍ ആദ്യം ആരായുക കൃഷ്ണയെ കുറിച്ചാണ്. 2005ലെ ആനയോട്ടത്തില്‍ ഒന്നാമനായത് ജയലളിതയുടെ കൃഷ്ണയാണ്. ഗജസംരക്ഷണത്തിനായി ഒരു ലക്ഷം രൂപയും, ന്യായവിലക്ക് അഞ്ച് ടണ്‍ ചന്ദനവും നല്‍കി അവര്‍ മടങ്ങുമ്പോള്‍ ഗുരുവായൂരിലേക്ക് ചെന്നൈയില്‍ നിന്നും ഒരു ബസും അനുവദിച്ചു.

jaya2

മമ്മിയൂര്‍ ക്ഷേത്രത്തിലും ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് ജയലളിത അന്ന് മടങ്ങിയത്. ഒടുവില്‍ ഗുരുവായൂരിലെത്തിയത് 2004 ജൂലൈ ഏഴിനാണ്. പതിനായിരം രൂപയുടെ പാല്‍പ്പായസ വഴിപാട് കഴിപ്പിച്ചാണ് അന്ന് മടങ്ങിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഘട്ടത്തില്‍ ഒട്ടനവധി ആരാധകരാണ് അമ്മക്ക് ആയുരാരോഗ്യ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനകളുമായി ഗുരുവായൂരിലെത്തിയത്. അമ്മയുടെ വിയോഗത്തില്‍ തമിഴ്‌നാട് വിതുമ്പുമ്പോള്‍ ഗുരുപവനപുരിയും ആ നൊമ്പരത്തിന്റെ ഭാഗമാവുകയാണ്.

jaya3 jaya
DONT MISS
Top