ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി തമിഴകം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയിലേക്ക്, സംസ്‌കാരം വൈകീട്ട് മറീനാബീച്ചില്‍

jayalalitha

ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മൃതദേഹം ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്തരിച്ച നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ പുരട്ചി തലൈവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കും. ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേയ്ക്ക് തിരിച്ചു.


കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രാവിലെ എത്തി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും മറ്റ് ഡി.എം.കെ. നേതാക്കളും, വിജയ്, പ്രഭു തുടങ്ങിയ സിനിമാതാരങ്ങളും രാവിലെ തന്നെ എത്തി അന്തരിച്ച നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു. അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.


ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സംസ്‌കാരചടങ്ങില്‍ സംബന്ധിക്കും.


മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജാജി ഹാളില്‍ വൈകീട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാം. ശേഷം സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് മെറീന ബീച്ചില്‍ നടക്കും. എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്ന് തന്നെയാണ് ജയലളിതക്കും ചിതയൊരുക്കുക.


ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ ദേശീയപതാക താഴ്ത്തിക്കെട്ടി. കേരളത്തിന് പുറമെ, കര്‍ണാടക, ബീഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11. 30 ഓടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് ജയലളിത അന്തരിച്ചത്. പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്തംബര്‍ 22 നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തു വരവെ, ഞായറാഴ്ച ഉണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ ആരോഗ്യ നില വീണ്ടും വഷളാക്കിയത്. തുടര്‍ന്ന് കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാത്രി 11.30 ഓടെ ജയലളിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

DONT MISS
Top