അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയംപൊട്ടി മരിച്ചു

aiadmk

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് തമിഴ്‌നാട്ടില്‍ അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചു. സന്യാസിപ്പേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍, നെയ്‌വാസല്‍ തങ്കരാസു, ചാമുണ്ടി, പെരിയ സ്വാമി, പണ്ണമാള്‍ എന്നിവരാണ് മരിച്ചത്.

ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച നീലകണ്ഠന്‍. തങ്കരാസു, ചാമുണ്ടി എന്നിവര്‍ നെയ് വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്.അതേസമയം എഐഎഡിഎംകെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി.

ഇന്നലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിതയുടെ മൃതദേഹം ജയയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിക്കും. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ചെന്നൈ മറീന ബീച്ചില്‍ എംജിആര്‍ സ്മാരകത്തിന് സമീപമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

 ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിനിമ താരങ്ങളായ രജനീകാന്ത്, ഷാറൂഖ് ഖാന്‍, അമിതാഭ് ബച്ചന്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
DONT MISS
Top