എല്ലാവരും നാളെ പറയുന്നത്, ഇന്നലെ പറയാനാണ് താല്പര്യമെന്ന് കെ സുരേന്ദ്രന്‍; ലൈക്കിന്റെ എണ്ണവും കമന്റിന്റെ നിലവാരവും നോക്കേണ്ട കാര്യമില്ലെന്നും പുതിയ ന്യായം

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ജയലളിതയ്ക്ക് ശേഷം തമിഴക രാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് തെറ്റാണോ എന്ന ചോദ്യവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മരണാസന്നയായി കിടന്ന ജയലളിതയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിക്കുന്നത്. ജയലളിതയ്ക്ക് ശേഷം തമിഴ് രാഷ്ട്രീയത്തില്‍ എന്ത് എന്നത് ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും ഉന്നയിച്ചത് വിമര്‍ശകര്‍ ആരും കണ്ടില്ലെ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

പറഞ്ഞ സമയം ഉചിതമായില്ല എന്ന് പറയുന്നവരോട്, എല്ലാവരും നാളെ പറയുന്നത് തനിക്ക് ഇന്നലെ പറയാണ് താത്പര്യം എന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വസ്തുതകള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ലൈക്കിന്റെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുറ്റമല്ല. ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്റെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല. ഇന്നലെ അര്‍ദ്ധരാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏറ്റവും സത്യസന്ധമായി വിലയിരുത്തി ഞാന്‍ ഇന്നലെ കാലത്ത് ഈ പേജില്‍ എഴുതിയ കുറിപ്പ് എല്ലാവരും കണ്ടതല്ലേ? അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാന്‍. എന്നാല്‍ അവര്‍ക്കുശേഷം തമിഴക രാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാളമാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചര്‍ച്ച ചെയ്തത് വിമര്‍ശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താല്‍പ്പര്യം. എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതുടെ ആത്മാവിനു നിത്യശാന്തി നേരുന്നു”.

ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാമെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒരാള്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ഉചിതമല്ലാത്ത പ്രസ്താവനകള്‍ നടത്താന്‍ സുരേന്ദ്രന് മാത്രമേ കഴിയൂ എന്ന് ചിലര്‍ കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സുരേന്ദ്രനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

DONT MISS
Top