ഒന്നാം റാങ്കോടെ പത്താം ക്ലാസ് പാസായി, സിനിമയിലെത്തുന്നത് പകരക്കാരിയായി; ജയലളിതയെക്കുറിച്ച് അറിയാത്ത 10 കാര്യങ്ങള്‍

jaya

ചെന്നൈ: തമിഴ് ജനതയുടെ അമ്മ വിടവാങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ ചരിത്രമായത് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ സ്ത്രീ നേതാക്കന്മാരില്‍ ഒരാളെയാണ്. പുരട്ചി തലൈവിയെക്കുറിച്ച് ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത 10 കാര്യങ്ങള്‍ ഇതാ.

1. തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജയലളിതയും സിനിമരംഗത്തെക്ക് പ്രവേശിക്കുന്നത്. തമിഴ്‌സിനിമകളിലെയും, നാടകങ്ങളിലെയും സാന്നിധ്യമായിരുന്നു ജയലളിതയുടെ അമ്മ. ബാലതാരമായിട്ടാണ് ജയ അഭിനയരംഗത്തേക്കെത്തുന്നത്. 15ആം വയസ്സില്‍ കന്നഡ ചിത്രമായ ‘ചിന്നാഡ ഗോംബെ’യിലെ നായികയായും ജയ അഭിനയിച്ചു.

2. ഒരു തികഞ്ഞ കലാകാരി കൂടിയായിരുന്നു ജയലളിത. സംഗീതം, നൃത്തം തുടങ്ങിയവയില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജയലളിത ഭരത നാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്.

3. പുരട്ചി തലൈവി എന്നാണ് ജയലളിത അറിയപ്പെടുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും, സിനിമാപ്രവര്‍ത്തകര്‍ക്കും ജയലളിത ‘അമ്മു’വാണ്.

4. തമിഴ്നാട്ടില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ജയലളിത പത്താം ക്ലാസ് പാസ് ആയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ജയയ്ക്ക് പഠനം തുടരാന്‍ സാധിച്ചില്ല.

5. ആയിരത്തില്‍ ഒരുവനാണ് ജയലളിതയുടെ എംജിആറിന്റെ കൂടെയുള്ള ആദ്യ ചിത്രം. അറുപതുകളിലും എഴുപതുകളിലുമായിരുന്നു ജയലളിത എംജിആറിന്റെ നായികയായത്. അരപ്പാവാട ധരിച്ച് തമിഴ് സിനിമയില്‍ നായികയായ ആദ്യ നടി എന്ന പ്രത്യേകതയും ജയലളിതയ്ക്കായിരുന്നു.

6. തമിഴ്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി ചിത്രത്തിലും ജയലളിത വേഷമിട്ടിട്ടുണ്ട്. 1968ല്‍ ധര്‍മേന്ദ്ര നായകനായ ഇസ്സത്ത് എന്ന സിനിമയിലാണ് ജയയുടെ ഹിന്ദി സിനിമാപ്രവേശം.

7. 1965മുതല്‍ 1980 വരെയുള്ള കാലയളവാണ് ജയയുടെ സിനിമാ ജീവിതത്തിലെ തിരക്കേറിയ സമയം. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും ജയലളിതയായിരുന്നു. 140 സിനിമകളിലാണ് ജയ വേഷമിട്ടത്. ഇതില്‍ 120ഉം ബ്ലോക്ക്ബസ്റ്റേഴ്‌സുകളായിരുന്നു.

8. 1984ലാണ് ജയലളിത രാജ്യസഭാംഗമാകുന്നത്. ഇംഗ്ലീഷ് ഭാഷയിലും, മറ്റു നിരവധി ഭാഷകളിലുമുള്ള വാക്ചാതുര്യമാണ് എംജിആറിന് പിന്‍ഗാമിയായി ജയയെ തെരഞ്ഞെടുക്കാന്‍ കാരണം.

9. തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മുഖ്യമന്ത്രിയാണ് ജയലളിത.  2011 മെയ് 16ന് ജയലളിതയെന്ന അമ്മ ഒരിക്കല്‍ കൂടി തമിഴ്‌നാട് മുഖ്യമന്ത്രിയായി. മൂന്ന് വര്‍ഷത്തിന് ശേഷം അഴിമതിക്കേസ് ജയലളിതയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി.

10. 2015 ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണ്ണാടക ഹൈകോടതി ജയലളിതയെ വെറുതെ വിട്ടതോടെ മെയ് 23 ന് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക്. അയോഗ്യയായിരുന്നതിനാല്‍ ഡോ:രാധാകൃഷണന്‍ നഗറില്‍ നിന്നും ജയലളിത 2015 ജൂണ്‍ 27 ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വിജയം കൈവരിച്ച അമ്മ 2016 മെയ് 23 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു.

DONT MISS
Top