ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നികത്താനാകാത്ത വിടവെന്ന് പ്രധാനമന്ത്രി

modi
ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. സെല്‍വി ജയലളിതയുടെ വേര്‍പാടില്‍ അതിയായ ദു:ഖമുണ്ടെന്നും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും നികത്താനാകാത്ത വലിയ വിടവാണ് ജയലളിതയുടെ മരണം സൃഷ്ടിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജയലളിതയുടെ മൃതദേഹം ഉടന്‍ തന്നെ ഔദ്യോഗിക വസതിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ജയലളിത ചികിത്സയില്‍ കഴിഞ്ഞ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്കുള്ള വഴി പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു വാഹന വ്യൂഹത്തിന് കടന്നു പോകാന്‍ കഴിയുന്ന സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ വാഹന വ്യൂഹം സജ്ജമായിട്ടുണ്ട്.

ജയലളിതയുടെ വ്യാജ മരണ വാര്‍ത്ത പുറത്തു വന്നതോടെ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിക്ക് പുറത്ത് വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശുഭകരമായ വാര്‍ത്ത പുറത്ത് വന്നാല്‍ അത് ആശുപത്രിക്ക് നേരെയുള്ള പ്രതിഷേധമായി മാറുമെന്ന് അധികൃതര്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ജയലളിത മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന എ.ഡി.എം.കെ. നേതാക്കളെല്ലാം പുറത്തുപോയിട്ടുണ്ട്.

മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ നൂറുകണക്കിന് അണ്ണാ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

പാര്‍ട്ടി ആസ്ഥാനത്ത് എഐഎഡിഎംകെ എംഎല്‍എമാര്‍ യോഗം തുടരുകയാണ്. പാര്‍ട്ടി നേതാവ് പനീര്‍ ശെല്‍വം ആശുപത്രിയില്‍ നിന്നും പാര്‍ട്ടി ഓഫീസിലെത്തി. പ്രാദേശിക മാധ്യമങ്ങള്‍ ജയലളിത മരിച്ചു എന്ന് ഇന്ന് വൈകീട്ട് തെറ്റായ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ രാത്രി 11.30നാണ് ജയലളിത മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്

DONT MISS
Top