നോട്ട് ക്ഷാമം സാധാരണക്കാരന് മാത്രം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം ഇന്ന്, അതിഥികള്‍ക്കായി 50 ചാര്‍ട്ടര്‍ വിമാനങ്ങള്‍

നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധിയില്‍ സാധാരണ ജനം വലയുകയാണ്. ദൈനംദിന ജീവിതത്തിന് പോലും പണം ലഭിക്കുന്നില്ല. സ്വന്തം പണം എടുക്കാന്‍ നിയന്ത്രണങ്ങള്‍ നിരവധി. പാവപ്പെട്ട ഒരുവന് വിവാഹം നടത്തണമെങ്കില്‍ ആഴ്ചയില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്നത് രണ്ടര ലക്ഷം മാത്രം. എന്നാല്‍ ഇതൊന്നും മന്ത്രമാര്‍ക്കും പണക്കാര്‍ക്കും ബാധകമല്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകള്‍ ഇന്ന് വിവാഹിതയാവുകയാണ്. രാജ്യത്തെ നോട്ട് ക്ഷാമമൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ആര്‍ഭാടപൂര്‍വ്വമായ കല്യാണമാണ് സജ്ജമാക്കിയിരിക്കുന്നത്.

വിവഐപികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ആളുകളെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വ്യവസായ ഭീമന്‍ മുകേഷ് അംബാനി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ മറ്റ് കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരാണ് വിവാഹത്തില്‍ സംബന്ധിക്കുന്നത്. ഇവരെ വിവാഹവേദിയില്‍ എത്തിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത് 50 ചാര്‍ട്ടര്‍ വിമാനങ്ങള്‍.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമ മാലിനി, പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കും വിവാഹത്തിന് ക്ഷണമുണ്ട്. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നാളെ ആരംഭിക്കുന്നതിനാല്‍ എല്ലാ സഭാംഗങ്ങളും സ്ഥലത്തുണ്ട്. ഇവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നാഗ്പൂരിലേക്ക് ഒരു സ്ഥലത്തുനിന്നുമുള്ള വിമാന ടിക്കറ്റ് ലഭ്യമല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഗഡ്കരിയുടെ ഏറ്റവും ഇളയമകളായ കേത്കിയുടെ വിവാഹമാണ് നാഗ്പൂരിലെ റാണി കോതിയില്‍ നടക്കുന്നത്. സന്ധ്യ-രവീന്ദ്ര കഷ്‌കേദികര്‍ ദമ്പതികളുടെ മകനായ ആദിത്യയാണ് വരന്‍. അമേരിക്കയില്‍ ഫെയ്‌സ്ബുക്ക് ജീവനക്കാരനാണ് ആദിത്യ.

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരമൊരു ആര്‍ഭാട വിവാഹം നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിവാഹ ധൂര്‍ത്ത് ആര്‍എസ്എസ് നയങ്ങള്‍ക്ക് എതിരാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. “ആര്‍എസ്എസ് സംസ്‌കാരത്തില്‍ ജീവിക്കുന്ന ആളാണ് ഗഡ്കരി. ഇപ്പോഴും അദ്ദേഹം സ്വയംസേവകനാണ്’, പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന സ്വയംസേവകന്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ കര്‍ണാടകയിലെ ഖനി രാജാവും മുന്‍ബിജെപി മന്ത്രിയുമായിരുന്ന ജെ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം 500 കോടി രൂപ ചെലവിലാണ് നടത്തിയത്. നോട്ട് പ്രതിസന്ധിക്കിടെ ഇത്രയും വലിയ തുക മുടക്കി വിവാഹം നടത്തിയതിനെതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു.

DONT MISS
Top