റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മണിച്ചിത്രത്താഴിന് ഇതാ ഒരു കിടിലന്‍ ട്രെയിലര്‍

മണിച്ചിത്രത്താഴില്‍ നിന്ന്

കൊച്ചി: ഇന്ന് ഏതൊരു സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അതിന്റെ ട്രെയിലര്‍ പുറത്തിറങ്ങാനാണ്. ചിത്രത്തിന്റെ ജയ-പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പോലും ചിലപ്പോള്‍ ഈ ട്രെയിലറുകള്‍ക്ക് പങ്കുണ്ട്.

ഇതൊക്കെ ഇപ്പോഴത്തെ കാര്യമാണ്. എന്നാല്‍ ട്രെയിലറുകള്‍ അവതരിക്കുന്നതിനു മുന്‍പും സിനിമകള്‍ ഇറങ്ങിയിരുന്നു. പഴയൊരു ചിത്രം കാണുമ്പോള്‍ അതിന് ട്രെയിലര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നവരാണ് നമ്മളില്‍ പലരും. ഈ ചിന്തയില്‍ നിന്ന് പിറവിയെടുത്ത പഴയ ചിത്രങ്ങളുടെ പുതിയ ട്രെയിലറുകള്‍ പലതും സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

സൂപ്പര്‍ഹിറ്റ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ മണിച്ചിത്രത്താഴിന്റെ ട്രെയിലറാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന് 23 കൊല്ലങ്ങള്‍ക്കിപ്പുറം ഒരു ട്രെയിലര്‍ ഉണ്ടാകുമ്പോള്‍ മലയാളികള്‍ അത് ഇരു കൈകളും നീട്ടി സ്വീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ മണിച്ചിത്രത്താഴിലൂടെ ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തിന്റെ തകര്‍പ്പന്‍ ജയം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ കാരണമായി. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.

അരുണ്‍ പിജിയാണ് മണിച്ചിത്രത്താഴിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായ ട്രെയിലര്‍ ഒരുക്കിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

DONT MISS