ഉത്തരകൊറിയ്ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക വീണ്ടും; 16 കമ്പനികളെയും ഏഴ് വ്യക്തികളെയും കരിമ്പട്ടികയില്‍പ്പെടുത്തി

us

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: 16 ഉത്തരകൊറിയന്‍ കമ്പനികളെയും ഏഴ് വ്യക്തികളെയും അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. യുഎസ് ട്രഷറി അണ്ടര്‍ സെക്രട്ടറി ആഡം ഷുബിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയയുടെ അണവായുധ-മിസൈല്‍ പരീക്ഷണങ്ങളുമായി ബന്ധമുള്ള കമ്പനികളെയും വ്യക്തികളെയുമാണ് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്.

കരിമ്പട്ടികയില്‍പ്പെടുത്തിയവരില്‍ ഉത്തരകൊറിയന്‍ മിനിസ്ട്രി ഓഫ് അറ്റോമിക് ഏനര്‍ജി ഇന്‍ഡസ്ട്രിയിലെ ഉദ്യോഗസ്ഥരും, ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. എയര്‍ കൊറിയോ, നോര്‍ത്ത് കൊറിയാസ് നാഷണല്‍ കരിയര്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമാണ് പട്ടികയിലുള്‍പ്പെട്ടത്. കൂടാതെ കോള്‍, മെറ്റല്‍ മേഖലയ്ക്ക് സഹായം നല്‍കിവരുന്ന ആറ് ഫിനാന്‍സ് കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച യാത്രാവിലക്ക് അടക്കമുള്ള ഉപരോധങ്ങളില്‍പ്പെട്ടവരാണെന്ന് ആഡം ഷുബിന്‍ വ്യക്തമാക്കി. ഉപരോധം അടക്കമുള്ള നടപടികളിലൂടെ സാമ്പത്തിക സഹായം അടക്കമുള്ളവ തടയാനാകുമെന്നും, അതുവഴി ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ആണവപരീക്ഷണങ്ങളും പ്രകോപനപരമായ പെരുമാറ്റവും തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറില്‍ ഉത്തരകൊറിയ അഞ്ചാമതും ആണവപരീക്ഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. നേരത്തെ ആണവപരീക്ഷണങ്ങള്‍ തടയുന്നതിനായി ഉത്തരകൊറിയയ്ക്ക് മേല്‍ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ഉത്തരകൊറിയന്‍ ഭരണകൂടം ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടിയുമായി അമേരിക്ക മുന്നോട്ടുപോകുന്നത്.

DONT MISS
Top